kunnamangalam-news

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തങ്കാവ്, അമ്പലപ്പടി, വിരുപ്പിൽ ഭാഗങ്ങളിൽ ശക്തമായ മഴപെയ്യുമ്പോഴേക്കും വീടുകൾ വെള്ളത്തിലാവുന്നത് റോഡുകളിൽ മതിയായ ഓവുചാൽ ഇല്ലാത്തതിനാലാണെന്ന് നാട്ടുകാരുടെ പരാതി. ഇത് സംബന്ധിച്ച ബഹുജനഹർജി സ്ഥലം എം.എൽ.എയ്ക്കും പഞ്ചായത്ത് പ്രസിഡന്റിനും നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. ആനപ്പാറ ആശുപത്രിയ്ക്ക് മുകൾഭാഗത്തുനിന്നും മുപ്രച്ചരു, പുറ്റാട്ട് ഭാഗത്തുനിന്നും ശക്തമായി ഒഴുകി വരുന്ന മഴവെള്ളം ഓവുചാൽ ഇല്ലാത്തതിനാൽ റോഡ് നിറഞ്ഞ് വീടുകളിലേക്ക് കയറുകയാണ്. വരിട്ട്യാക്ക്-പെരിങ്ങൊളം റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയതും തോടുമായി ചേരുന്ന സ്ഥലത്ത് നിർമ്മിച്ച കൾവർട്ടിന്റെ പിഴവുമാണ് വെള്ളം ഒഴുകിപോകാതെ വീടുകളിലേക്ക് കയറാൻ കാരണമെന്നാണ് പരിസരവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പത്തോളം വീടുകളിലാണ് വെള്ളം കയറി നാശമുണ്ടായത്. വിരുപ്പിൽ ഭഗവതികണ്ടം ചന്ദ്രൻ, രാജൻസൂര്യ എന്നിവരുടെ വീടുകളിലെ ചുറ്റുമതിൽ മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു. എത്രയും പെട്ടെന്ന് വരിട്ട്യാക്ക്-പെരിങ്ങൊളം റോഡിലേക്ക് കയറുന്ന പഞ്ചായത്ത് റോഡിന് വീതികൂടിയ ഓവുചാൽ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.