img20211018

മുക്കം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ മുക്കം ഉപജില്ലയിലെ സ്കൂളുകൾ ശുചീകരിക്കാൻ ആരംഭിച്ചു. രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, യുവജന സംഘടനകൾ, അദ്ധ്യാപക -രക്ഷാകർതൃസമിതികൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്. മണാശ്ശേരി ഗവ.യു.പി. സ്കൂൾ സി.പി.എം പ്രവർത്തകർ ശുചീകരിച്ചു. ഒക്ടോബർ 29 നു മണാശേരിയിൽ നടക്കുന്ന സി.പി.എം ലോക്കൽ സമ്മേളനത്തിന് മുന്നോടിയായാണ് സ്കൂൾ ശുചീകരണം. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.കെ. ഉണ്ണികൃഷ്ണൻ, വി.കുഞ്ഞൻ, എൻ. ചന്ദ്രൻ, എം. വി. കൃഷ്ണൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ വൈറ്റ് ഗാർഡ്, ഗുഡ് വിൽ, ടൈറ്റാനിക്, ഒരുമ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം നടന്നത്. 150 ഓളം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. ഇവർക്കൊപ്പം പൂർവ വിദ്യാർത്ഥികളും പി.ടി.എ യും ഒന്നിച്ചപ്പോൾ സ്കൂൾ പൂർണമായി ശുചീകരിക്കാനായി. അഗസ്ത്യൻമുഴി താഴക്കോട് എ.യു.പി സ്കൂളും പരിസരവും വാട്ടർ ടാങ്കും മറ്റും രാഹുൽ ബ്രിഗേഡ് പ്രവർത്തകരാണ് ശുചീകരിച്ചത്. സെൻട്രൽ കമ്മിറ്റി അംഗം ജുനൈദ് പാണ്ടികശാല, മുക്കം മണ്ഡലം ചെയർമാൻ നിഷാദ് നീലേശ്വരം, വൈസ് ക്യാപ്റ്റൻ ജലീൽ എന്നിവർ നേതൃത്വം നൽകി.