കോഴിക്കോട് : ചേളന്നൂർ കണ്ണങ്കര ഭാഗത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന 1.6 കിലോഗ്രാം കഞ്ചാവുമായി മദ്ധ്യവയസ്കൻ പിടിയിൽ. കണ്ണങ്കര നൊടിയത്ത്മീത്തൽ വീട്ടിൽ ഹാരിസ്.സി.കെ ( 45) ആണ് കോഴിക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത്ത് ബാബുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് എക്‌സൈസ് സൈബർ വിങ്ങുമായി ചേർന്ന് തുടരന്വേഷണം നടത്തിവരികയാണ്. കോയമ്പത്തൂരിൽ നിന്നാണ് കഞ്ചാവെത്തിച്ചത്. ഇയാളെ മുമ്പും ഇതേ കുറ്റത്തി​ന് അറസ്റ്റ് ചെയ്തി​ട്ടുണ്ട്.
കോഴിക്കോട് എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജിത്ത്, ദിലീപ്കുമാർ, മുഹമ്മദ് അബ്ദുൾ റഹൂഫ്, പി.കെ.സതീഷ്, എക്‌സൈസ്‌ ഡ്രൈവർ ഒ.ടി.മനോജ്, കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എക്‌സൈസ് ഇൻസ്‌പെക്ടർ എ.പ്രജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ യു.പി.മനോജ്, പ്രമോദ് പുളിക്കൂൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.