കോഴിക്കോട്: സി.എച്ച് ഓവർബ്രിഡ്ജിനടുത്തു വെച്ച് യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചുപറിച്ച പ്രതികളെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ബീച്ച് റോഡ് തൗഫത്ത് ഹൗസിൽ അബ്ദുള്ള മുഹ്ദാർ (23), കണ്ണൂർ പുതിയതെരു സ്വദേശി മുബാറക് ( 23) എന്നിവരാണ് പിടിയിലായത്. 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ബീച്ചിൽ നിന്നു കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോവുകയായിരുന്ന താമരശ്ശേരി സ്വദേശിയായ 20 കാരനെ പ്രതികൾ ആക്രമിച്ചു ഫോൺ പിടിച്ചുപറിക്കുകയായിരുന്നു. മറ്റൊരാൾക്ക് വില്പന നടത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു.
ടൗൺ സ്റ്റേഷൻ എസ്.ഐ മാരായ സി.ഷൈജു, വി.വി.അബ്ദുൾ സലിം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ് കുമാർ, ഷിബു, സിവിൽ പൊലീസ് ഓഫീസർമാരായ കെ.ഷിജിത്ത്, ജിതേന്ദ്രൻ, ജംഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.