കോഴിക്കോട്: മാലിന്യമടിഞ്ഞ് ഒഴുക്ക് നിലച്ചുകൊണ്ടിരിക്കുന്ന കല്ലായി പുഴ മഴയിൽ പരിസരവാസികൾക്ക് നൽകിയത് ദുരന്ത ഭീതി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. പലയിടത്തും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്. ഉദ്ഘാടനം കഴിഞ്ഞിട്ടും പുഴ നവീകരണം നീളുന്നതാണ് പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. മഴവെള്ളം ഒഴുകിപ്പോകാത്തതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. വെള്ളം കെട്ടിനിൽക്കുന്നതിനാൽ ശുചിമുറി പോലും ഉപയോഗ ശൂന്യമായി. ചില വീടുകളിൽ നിത്യരോഗികൾ കഴിയുന്നുണ്ട്. വെള്ളം കെട്ടി നിൽക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമോയെന്ന ആശങ്കയിലാണ്. വെള്ളം കയറാതിരിക്കാൻ വീടിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ഉയർത്തിയിട്ടും രക്ഷയില്ലെന്നാണ് ഇവർ പറയുന്നത്. 1000ത്തോളം കുടുംബങ്ങളാണ് പുഴയുടെ സമീപത്തായി ജീവിക്കുന്നത്.
ഓരോ മഴക്കാലത്തും നഗരം നേരിടുന്ന വെള്ളക്കെട്ടിന് കല്ലായി പുഴയ്ക്ക് നിർണായക പങ്കുണ്ട്. കൈയേറ്റങ്ങളും മാലിന്യങ്ങളും കാരണം പുഴയുടെ ഒഴുക്ക് നിലച്ചുകൊണ്ടേയിരിക്കുകയാണ്. ചെറിയ മഴ പെയ്താൽ പോലും നഗരവും സമീപത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുകയാണ്.
12 വർഷം മുമ്പ് കല്ലായിപുഴ നവീകരണത്തിന് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് 3.5 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പിന്നീട് ഈ തുക 4.90 കോടി രൂപയായി വർദ്ധിപ്പിച്ചു. കോർപ്പറേഷനും പുഴ നവീകരണത്തിനായി ഏഴര കോടി നീക്കി വെച്ചു. എന്നാൽ നവീകരണം മാത്രം നടന്നില്ല. ചെളിയും മാലിന്യവും നീക്കി പുഴ നവീകരണം വൈകുന്നതിന് പിന്നിൽ പുഴ കൈയേറി കെട്ടിടം പണിതവരുടെ സമർദ്ദമാണെന്നാണ് ആരോപണം. ഒരു മീറ്റർ ആഴത്തിലും മൂന്ന് കിലോമീറ്റർ നീളത്തിലും ചെളിനീക്കി പുഴയുടെ ആഴം കൂട്ടിയാൽ പുഴ നികത്തി നിർമ്മിച്ച കെട്ടിടങ്ങൾ നിലംപതിക്കുമെന്നതുകൊണ്ട് നവീകരണത്തിന് തുരങ്കം വയ്ക്കുകയാണെന്ന് പുഴസംരക്ഷണ സമിതി ആരോപിക്കുന്നു.
' നഗരത്തിലെ വെള്ളം ഒഴുകിയെത്തേണ്ട കല്ലായിപ്പുഴയിൽ മാലിന്യങ്ങളും ചെളിയും അടിഞ്ഞതോടെ ഒഴുക്ക് കുറഞ്ഞു. ഇതോടെ ചെറിയ മഴ പെയ്താൽ പോലും നഗരം വെള്ളക്കെട്ടിലാണ്. പുഴ നവീകരണം ഇനിയും വൈകിയാൽ കൈയേറ്റം കൂടി പുഴ തന്നെ നശിക്കും.-
ഫെെസൽ പള്ളിക്കണ്ടി, ജന.സെക്രട്ടറി, കല്ലായ് പുഴ സംരക്ഷണ സമിതി.