കോഴിക്കോട്: ഇനി മുതൽ ഒക്ടോബർ 19 കാലിക്കറ്റ് സർവകലാശാല കായികദിനമായി ആചരിക്കുമെന്ന് വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ് പ്രഖ്യാപിച്ചു. സർവകലാശാലയുടെ കായികനേട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം താരങ്ങളെയും പരിശീലകരെയും ഉചിതമായ രീതിയിൽ ആദരിക്കാനും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് ആദ്യമായി അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്‌ബാൾ കിരീടം ചൂടിയത് 1971 ഒക്ടോബർ 19 നാണ്. ആതിഥേയരായ കാലിക്കറ്റിന്റെ പ്രകടനം കേരളത്തിന് രാജ്യത്തിന്റെ കായിക ഭൂപടത്തിൽ തന്നെ ഇടം നേടിക്കൊടുക്കുകയായിരുന്നു.
കാലിക്കറ്റിൽ നിന്നുള്ള നിരവധി താരങ്ങൾ ഒളിമ്പ്യന്മാരായുണ്ട്. ദ്രോണാചാര്യ അവാർഡ് ജേതാവിനു പുറമെ നാലു പദ്മശ്രീ ജേതാക്കളും 22 അർജുന അവാർഡ് ജേതാക്കളും കാലിക്കറ്റിന്റെ സംഭാവനയായുണ്ട്. സർവകലാശാലയുടെ കായിക നേട്ടങ്ങളുടെ നാൾവഴി അടയാളപ്പെടുത്തുന്നതിനായി സുവനീർ പുറത്തിറക്കുന്നത് പരിഗണനയിലാണെന്ന് സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ പറഞ്ഞു.