കോഴിക്കോട്: പൂർണമായും കായികക്ഷമത ഉറപ്പുവരുത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള പദ്ധതികൾ തുടങ്ങിയതായി മന്ത്രി വി.അബ്ദുറഹ്‌മാൻ പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയുടെ പ്രഥമ അഖിലേന്ത്യാ ഫുട്‌ബോൾ കിരീടനേട്ടത്തിന്റെ സുവർണജൂബിലി ആഘോഷം കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രൈമറിതലം മുതൽ സ്‌പോർട്‌സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിരിക്കാനും കളിക്കളങ്ങൾ തുടങ്ങാനും തീരുമാനമായിക്കഴിഞ്ഞു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കായിക പരിശീലന സൗകര്യങ്ങൾ വരും. വിപുലമായി തൊഴിൽ സൃഷ്ടിക്കുന്ന രീതിയിലേക്ക് കൂടി കായികമേഖല മാറുമെന്നും മന്ത്രി പറഞ്ഞു.
സർവകലാശാലയിലെ സ്‌പോർട്‌സ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ് അദ്ധ്യക്ഷനായിരുന്നു. പി.അബ്ദുൾ ഹമീദ് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു.
രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, എൻ.വി. അബ്ദുറഹ്‌മാൻ, യൂജിൻ മൊറേലി, ഡോ.എം. മനോഹരൻ, ഡോ.പി. റഷീദ് അഹമ്മദ്, ഡോ.കെ.പി. വിനോദ് കുമാർ, കായിക വിഭാഗം മേധാവി ഡോ.വി.പി. സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
കിരീടം ചൂടിയ ഫുട്‌ബോൾ ടീമിന്റെ പരിശീലകൻ സി.പി.എം. ഉസ്മാൻ കോയ, മാനേജർ സി.പി. അബൂബക്കർ, കായികവിഭാഗം മേധാവി ഡോ. ഇ.ജെ. ജേക്കബ്, ക്യാപ്ടൻ വിക്ടർ മഞ്ജില, ടീം അംഗങ്ങളായ പി. അബ്ദുൾ ഹമീദ്, ഡോ. എം.ഐ. മുഹമ്മദ് ബഷീർ, എ. അബ്ദുൾ റഫീഖ്, കെ.സി. പ്രകാശ്, പി. പൗലോസ്, എം.വി. ഡേവിസ്, കെ.പി. പ്രദീപ്, എൻ.കെ. സുരേഷ്, ഇ. രാമചന്ദ്രൻ, കുഞ്ഞിമുഹമ്മദ്, പി. അശോകൻ, പരേതരായ എം.ആർ. ബാബുവിന്റെ ഭാര്യ ഷൈനി, കെ.പി. രത്‌നാകരന്റെ മകൾ ഡോ. കാജൽ എന്നിവർ സർവകലാശാലയുടെ ഉപഹാരം ഏറ്റുവാങ്ങി.