വടകര: റോഡരികിൽ നിക്ഷേപിച്ച മാലിന്യം തിരികെ വീട്ടിലെത്തിച്ച് വടകര നഗരസഭ ഹെൽത്ത്‌ വിഭാഗം. കഴിഞ്ഞ ദിവസം രാത്രി നടത്തിയ സ്‌ക്വാർഡ് പരിശോധനയിൽ വടകര ഗവ .ആശുപത്രിയ്ക്ക് സമീപം റോഡരികിൽ ചാക്കിൽ കെട്ടി മാലിന്യം നിക്ഷേപിച്ചതായി കണ്ടു. ചാക്ക് കെട്ട് പൊട്ടിച്ചു പരിശോധിച്ചതിൽ വില്യാപ്പള്ളി മയ്യന്നൂർ സ്വദേശിയായ മലയിൽ വീട്ടിൽ മൈമൂനയുടെ വീട്ടിലെ മാലിന്യങ്ങൾ ആണെന്ന് മനസിലാക്കുകയും ഹെൽത്ത് ഉദ്യോഗസ്ഥർ വീട്ടിൽ എത്തുകയും ചെയ്തു, മാലിന്യങ്ങൾ തങ്ങളുടേതാണെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടി എടുത്തു. വീട്ടുക്കാർ അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വടകര നഗരസഭ വളരെ ചിട്ടയായ രീതിയിൽ മാലിന്യ മുക്ത വടകര എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോൾ സമീപ പഞ്ചായത്തുകളിൽ നിന്നു പോലും വീട്ടുകാരും കച്ചവടക്കാരും സാമൂഹ്യ ദ്രോഹികളും നഗരസഭപരിധിയിൽ മാലിന്യങ്ങൾ തള്ളുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടികളെടുക്കമെന്ന് നഗരസഭാ ഹെൽത്ത്‌ വിഭാഗം അറിയിച്ചു. പരിശോധനയിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടമാരായ രാജേഷ്‌കുമാർ, ബിജു. ടി. പി, ദീപിക, കണ്ടിജന്റ് ജീവനക്കാരൻ പ്രദീപൻ, ഡ്രൈവർ സുധാകരൻ എന്നിവർ പങ്കെടുത്തു.