രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴയ്ക്കു സമീപം കള്ളിവളവിൽ റോഡരികിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ നടപടികളൊന്നുമായില്ല. രാത്രിയുടെ മറവിൽ ഇപ്പോഴും മാലിന്യം തള്ളുന്നത് തുടരുകയാണ്. ഫറോക്ക് പേട്ട -പരുത്തിപ്പാറ റോഡിൽ കോടമ്പുഴ പ്രൈവറ്റ് റോഡ് ബസ് സ്റ്റോപ്പു മുതൽ കള്ളിവളവ് അങ്ങാടി വരെ റോഡരികിലാണ് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കുന്നുകൂടുന്നത്. ഇവിടെ റോഡിന്റെ ഒരു വശം രണ്ടടിയോളം താഴ്ചയിലാണ്. സ്ഥലമുടമയുടെ അനുവാദത്തോടെയാണ് മാലിന്യങ്ങൾ തള്ളുന്നതെന്ന് പരാതിയുണ്ട്. സ്ഥലം ഉയർത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും നാട്ടുകാർ സംശയിക്കുന്നു.
നാട്ടുകാർ നഗരസഭ അധികൃതർക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമെടുത്തിട്ടില്ല. ലോറികളിലും ചെറിയ വാഹനങ്ങളിലുമാണ് മാലിന്യങ്ങൾ കൊണ്ടുവരുന്നത്. തെരുവ് നായ്ക്കളും, കാക്കകളും മാലിന്യം അടുത്ത ജനവാസകേന്ദ്രങ്ങളിൽ കൊണ്ടിടുന്നതും പതിവാണ്. ആരോഗ്യ പ്രശ്നങ്ങൾ വരെ ഉണ്ടാക്കാൻ സാദ്ധ്യതയുള്ള മാലിന്യ നിക്ഷേപം തടയണമെന്ന ആവശ്യം ശക്തമാണ്.