ഫറോക്ക്: ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള റോഡ് ചളിയും വെള്ളവും കെട്ടി സഞ്ചാരയോഗ്യമല്ലാതായിട്ട് നാളേറെയായിട്ടും അധികൃതർക്ക് കുലുക്കമില്ല. റോഡിൽ 50 മീറ്ററോളം റെയിൽവേയുടെ സ്ഥലമാണ്. ഇവിടെയാണ് 20 അടിയോളം നീളത്തിൽ ചളിയും വെള്ളവും കെട്ടി നിൽക്കുന്നത്. കടലുണ്ടി, ചാലിയം, കരുവൻതിരുത്തി പ്രദേശങ്ങളിൽ നിന്നു വരുന്ന യാത്രക്കാർ രണ്ടാം പ്ലാറ്റ്ഫോമിലെത്തുവാൻ ഉപയോഗിക്കുന്ന റോഡിലാണ് ഈ അവസ്ഥ. രാത്രിയിൽ ട്രെയിൻ ഇറങ്ങി ഈ വഴി പോകുന്നവരും ബുദ്ധിമുട്ടുകയാണ്. വെളിച്ചവുമില്ല. കാറുകളും ഇരുചക്രവാഹനങ്ങളും ഈ റോഡിലൂടെയാണ് രണ്ടാം പ്ലാറ്റ്ഫോമിനടുത്ത് എത്തുന്നത്. ഈ സമയം
വാഹനങ്ങൾ ചളിയിൽ താഴ്ന്നു പോകുന്നതും സാധാരണയാണ്. മുമ്പ് നാട്ടുകാർ ചേർന്ന് വഴി നന്നാക്കിയിരുന്നു. എന്നാൽ റെയിൽവേ സ്ഥലമേറ്റെടുത്തതോടെ നാട്ടുകാർക്ക് ഈ ഭാഗം നന്നാക്കാൻ സാധിക്കാതെയായി. അതിനാൽ രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കാൻ റെയിൽവേ അധികൃതർ തന്നെ നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.