മുക്കം: കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായ കനത്ത മഴയിലും ഇടിയിലും മിന്നലിലും പരക്കെ നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടിമിന്നലിൽ ഗോതമ്പുറോഡിലെ രണ്ടു പറമ്പുകളിൽ തെങ്ങുകൾ കത്തിനശിച്ചു. കെ.എസ്.ഇ.ബി സബ് എൻജിനീയർ പാലത്തിങ്ങൽ ഷാനവാസിന്റെയും അയൽവാസിയായ സുരേഷിന്റെയും പുരയിടത്തിലെ തെങ്ങുകളാണ് ഇടിമിന്നലേറ്റ് കത്തിയത് . ഷാനവാസിന്റെ വീട്ടിലെ വയറിംഗും കത്തിനശിച്ചു. മുക്കത്തിനടുത്ത് ആനയാംകുന്ന് ഗവ. എൽ.പി.സ്കൂളിന്റെ ചുറ്റു മതിൽ അടുത്ത വീടിന്റെ ചുമരിലേക്ക് ഇടിഞ്ഞു വീണു.ആളപായമില്ല.തിരുവമ്പാടി അങ്ങാടിയിൽ കുരിശു പള്ളിക്കും ബസ് സ്റ്റാൻഡിന് ഇടയിലുള്ള ഭാഗത്ത് റോഡ് വെള്ളത്തിലായത്.ഇതിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇരു വശങ്ങളിലുമുള്ള കടകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയായി. ഡ്രെയ്നേജ് സംവിധാനത്തിന്റെ അപര്യാപ്തത മൂലം തിരുവമ്പാടി അങ്ങാടിയിൽ മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടുന്നതും കടകളിൽ വെള്ളം കയറി വ്യാപാരികൾക്ക് നാശനഷ്ടങ്ങളുണ്ടാവുന്നതും പതിവായി.