കോഴിക്കോട്: മഴ ഭീഷണി നേരിടാൻ മലയോര മേഖലകളിലുൾപ്പെടെ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്നൊരുക്കങ്ങൾ വിലയിരുത്തി.
ശക്തമായ കാറ്റും മഴയും ഉണ്ടാക്കിയേക്കാവുന്ന ദുരന്തങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി തിരുവമ്പാടി മണ്ഡലത്തിൽ ലിന്റോ ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മുന്നൊരുക്ക അവലോകന യോഗം ചേർന്നു. കൊടിയത്തൂർ പഞ്ചായത്തിൽ ചീരാൻകുന്ന്, മങ്കുഴിപ്പാലം, മൈസൂർമല, കാരശ്ശേരി പഞ്ചായത്തിലെ പൈക്കാടൻമല, കൊളക്കാടൻമല, തോട്ടക്കാട്, ഊരാളികുന്ന്, കോടഞ്ചേരി പഞ്ചായത്തിലെ മരുതിലാവ്, ചിപ്പിലിത്തോട്, വേണ്ടേക്കുംപൊയിൽ, നൂറാംതോട്, തേവർമല, കാതോട്മല, പൂവത്തിൻചുവട്, തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കരിമ്പ്, കൂടരഞ്ഞി, പഞ്ചായത്തിലെ പുന്നക്കടവ്, ആനക്കല്ലുംപാറ, കക്കാടംപൊയിൽ, കൽപ്പിനി, ആനയോട്, ഉദയഗിരി, പനക്കച്ചാൽ, കൂമ്പാറ, പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ട്, മണൽവയൽ, കാക്കവയൽ തുടങ്ങി 25 ഓളം പ്രദേശങ്ങൾ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയുള്ളതായി റവന്യു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങളിൽ അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. പോലീസ്, അഗ്‌നിശമന സേന, റവന്യു, തദ്ദേശ ഭരണ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികൾ റിപ്പോർട്ട് ചെയ്തു. ഈ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനും പൊതു അറിയിപ്പ് നൽകുന്നതിനും ക്യാമ്പുകൾ സജ്ജമാക്കി നിർത്തുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തിൽ കോഴിക്കോട്, താമരശ്ശേരി തഹസിൽദാർമാർ ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപന മേധാവികൾ, പോലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
താമരശ്ശേരി താലൂക്കിൽ മഴക്കെടുതി നേരിടുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി തഹസിൽദാർ സി. സുബൈറിന്റെ അദ്ധ്യക്ഷതയിൽ വില്ലേജുകളുടെ ചുമതലയുള്ള ചാർജ്ജ് ഓഫീസർമാരുടെ യോഗം ചേർന്നു. ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള സ്‌കൂളുകളും കെട്ടിടങ്ങളും തെരഞ്ഞെടുക്കുന്നതിന് വില്ലേജ് ഓഫീസർമാരുടെ യോഗത്തിൽ നിർദ്ദേശം നൽകി. ക്യാമ്പ് ആരംഭിച്ചാൽ ഇതിനുള്ള ക്യാമ്പ് മാനേജർമാരെയും തീരുമാനിച്ചു.
കോടഞ്ചേരി, കൂടരഞ്ഞി, കാന്തലാട്, കട്ടിപ്പാറ, തിരുവമ്പാടി, പുതുപ്പാടി, പനങ്ങാട്, കൂടത്തായി, ശിവപുരം, നെല്ലിപ്പൊയിൽ തുടങ്ങിയ വില്ലേജുകളടക്കമുള്ളവയിൽ അപകടഭീഷണിയുള്ള 31 സ്ഥലങ്ങൾ കണ്ടെത്തുകയും ഇവിടങ്ങളിൽ ഏത് സമയവും ക്യാമ്പ് ആരംഭിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറിതാമസിക്കേണ്ടതിന്റെയടക്കം കാര്യങ്ങൾ വില്ലേജ് ഓഫീസർമാരടക്കമുള്ളവർ നേരിട്ടെത്തി ധരിപ്പിച്ചു. തിരുവമ്പാടി വില്ലേജിലെ മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂളിൽ ക്യാമ്പ് ആരംഭിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. മുത്തപ്പൻപുഴ അംബേദ്കർ കോളനിയിൽ നിന്നടക്കം 14 കുടുംബങ്ങളോട് ഇവിടേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം വാർഡ് മെമ്പർമാരടക്കമുള്ളവർ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവുമൊരുക്കി.
ഇന്നലെ മൂന്നരയോടെ പെയ്ത കനത്ത മഴയിൽ തിരുവമ്പാടി ടൗണിൽ കുരിശുപള്ളിക്ക് സമീപത്ത് റോഡിൽ വെള്ളം കയറി. മഴയ്ക്ക് അൽപ്പം ശമനമുണ്ടായപ്പോൾ വെള്ളം ഇറങ്ങുകയും ചെയ്തിട്ടുണ്ട്.
മുക്കം നഗരസഭയോട് ചേർന്ന്കിടക്കുന്ന പഞ്ചായത്തിലെ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു അറിയിച്ചു.
മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭ കോൺഫറൻസ് ഹാളിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം, പോലീസ് അധികാരികൾ, വില്ലേജ് ഓഫീസർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
പുൽപ്പറമ്പ്, അഗസ്ത്യമുഴി, തോട്ടത്തിൻ കടവ് പ്രദേശങ്ങളിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സന്നദ്ധസേന വിഭാഗത്തിന്റെയും യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. നഗരസഭയിൽ കൺട്രോൾ റൂം ആരംഭിച്ചു. നമ്പർ 8547606199, 8113929188.
കൊയിലാണ്ടി താലൂക്കിലെ ദുരന്ത സാധ്യതയുള്ള പ്രദേശമായ കൂരാച്ചുണ്ട് വില്ലേജിലെ പത്ത് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള മുന്നൊരുക്കങ്ങൾ കൊയിലാണ്ടി താലൂക്കിലും സ്വീകരിച്ചതായി തഹസിൽദാർ സി.പി മണി അറിയിച്ചു.
വടകര താലൂക്കിൽഅടിയന്തര സാഹചര്യമുണ്ടായാൽ അതിനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട് .മലയോര മേഖലകളിൽ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്‌നിലവിൽ ക്യാമ്പുകളൊന്നും വടകര താലൂക്കിൽ ഇല്ലെന്ന് തഹസിൽദാർ ആഷിഖ് തോട്ടൻ അറിയിച്ചു.