വടകര : പയ്യോളി ഇരിങ്ങൽ തെക്കെ മഞ്ഞവയലിൽ പ്രജിനയെ ഭർത്താവ് ഷൈജേഷിന്റെ സഹായത്തോടെ ഏഴോളം പേർ വീട്ടിൽക്കയറി മർദിച്ച കേസിൽ കുറ്റക്കാർക്കുനേരെ പയ്യോളി പൊലീസ് അനാസ്ഥ കാണിക്കുന്നതായി പരാതി.വടകരയിൽ വാർത്താസമ്മേളനത്തിലാണ് പയ്യോളി പൊലീസ് ഇൻസ്പെക്ടർ സുഭാഷ് ബാബു ഉൾപ്പെടെയുള്ളവർക്കുനേരെ ആരോപണവുമായി യുവതി രംഗത്തെത്തിയത്. ആശുപത്രി രേഖകളിൽ കമ്പി ഉപയോഗിച്ച് മർദിച്ചതായി ഉണ്ടെങ്കിലും ഇൻസ്പെക്ടർ സമ്മർദം ചെലുത്തി അത്തരം കാര്യങ്ങൾ മൊഴിയിൽ നിന്ന് ഒഴിവാക്കിയതായി യുവതി പറഞ്ഞു. കഴിഞ്ഞ ആറിനാണ് സ്വപ്ന എന്ന സ്ത്രീയും മറ്റ് ആറുപേരും ഭർത്താവിന്റെ സഹായത്തോടെ വീട്ടിൽക്കയറി ആയുധങ്ങൾ ഉപയോഗിച്ച് മർദിച്ചതെന്ന് യുവതി പറയുന്നു. വധശ്രമം പെറ്റി കേസ് ആയി ഒതുക്കാനാണ് പൊലീസ് ശ്രമമെന്ന് യുവതി ആരോപിക്കുന്നു. വനിതാ കമ്മിഷനും വടകര റൂറൽ എസ്.പി.ക്കും യുവതി പരാതി നൽകിയിരിക്കയാണ്. നടപടിയില്ലെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കാനാണ് തീരുമാനം.വാർത്താസമ്മേളനത്തിൽ മഹിളാ അസോസിയേഷൻ പയ്യോളി ഏരിയാ സെക്രട്ടറി പി.എം. ലീന, കെ.പി. റീന, ശ്രീജ പുല്ലരൂർ, ടി. ഗീത, പ്രജിന എന്നിവർ പങ്കെടുത്തു.