രാമനാട്ടുകര: മോഷണം പട്ടാപ്പകൽ തന്നെ. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന തമിഴ് നാടോടി സംഘത്തിലെ പ്രധാനി ഇന്നലെ കൈയോടെ പിടിയിലായി.

രാമനാട്ടുകര ബൈപാസ് മേൽപ്പാലത്തിനു സമീപം തമ്പടിച്ച നാടോടി സംഘത്തിൽ പെട്ട സ്ത്രീകളാണ് ഇന്നലെ പകൽ തോട്ടുങ്ങൽ ഭാഗത്ത് വീടുകളിൽ നിന്നും മൊബൈൽ ഫോണും പണവും കവർന്നത്. തോട്ടുങ്ങൽ കുറ്റിക്കാട്ടിൽ ഷെമീനയുടെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു മോഷണശ്രമം. ഡൈനിംഗ് ഹാളിൽ വെച്ചിരുന്ന ഹാൻഡ് ബാഗിൽ നിന്ന് പണം അടിച്ചുമാറ്റാൻ നോക്കുന്നതിനിടെ ഷെമീനയുടെ മകൾ കണ്ടു ബഹളം വെക്കുകയായിരുന്നു. ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച സ്‌തീയെ നാട്ടുകാർ പിന്തുടർന്നു പിടികൂടുകയാണുണ്ടായത്.

കൗൺസിലർ ജെയ്സലിന്റെ നേതൃത്വത്തിൽ ഇവരുടെ ഭാണ്ഡം പരിശോധിച്ചപ്പോൾ രണ്ടു മൊബൈൽ ഫോൺ കണ്ടെത്തി. ചോദ്യം ചെയ്തതോടെ മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. രാമനാട്ടുകര സൗന്ദര്യവത്കരണ പ്രവൃത്തിയ്ക്കായി എത്തിയ ജോലിക്കാർ താമസിക്കുന്ന തോട്ടുങ്ങൽ പള്ളിയ്ക്കു സമീപത്തെ ഷെഡ്ഡിൽ നിന്നാണ് മോഷ്ടിച്ചതെന്നും വ്യക്തമായി. രണ്ടു ജോലിക്കാർ സൂക്ഷിച്ചുവെച്ച പന്ത്രണ്ടായിരം രൂപയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. നാടോടി സ്ത്രീയെ ഫറോക്ക് പൊലീസിന് കൈമാറിയതിനു പിറകെ പടം ക്രൈം റെക്കോർഡ് ബ്യൂറോയിൽ നിന്നുള്ള ഫോട്ടോകൾ പരിശോധിച്ചതോടെ നിരവധി മോഷണകേസുകളിലെ പ്രതിയായ തമിഴ്നാട്ടുകാരി ശിവകാമിയാണെന്ന് തിരിച്ചറിഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തമിഴ്‌നാട്ടിൽ നിന്നു ഇരുപതോളം പേരടങ്ങിയ സംഘമാണ് രാമനാട്ടുകരയിൽ തമ്പടിച്ചിരിക്കുന്നത്.

കടവരാന്തകളിലും മറ്റുമാണ് ഇവരുടെ അന്തിയുറക്കം.