കോഴിക്കോട്: കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണത്തിൽ നടന്നത് കോടികളുടെ അഴിമതിയെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണത്തിലെ ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കെ.എസ്.ആർ.ടി.സി സമുച്ചയത്തിന്റെ അറ്റകുറ്റപ്പണിക്കായി 30 കോടിയോളം മുടക്കണമെന്നാണ് പറയുന്നത്. എന്നാൽ ഈ പണം എവിടേക്കാണ് പോവുകയെന്ന് സർക്കാർ വ്യക്തമാക്കണം. ഇടനിലക്കാരായി നിന്ന് പണം തട്ടിയവർക്കെതിരെ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല. രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കൊള്ളലാഭമുണ്ടാക്കുന്ന ആലിഫ് ബിൽഡേഴ്സ് പോലുളള കമ്പനികളെ കരിംപട്ടികയിൽ പെടുത്തണം. റീബിൽഡ് കേരള ഉൾപ്പെടെയുളള പദ്ധതികൾ ജനക്ഷേമകരമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ കെ.പി ശ്രീശൻ, പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി പ്രകാശ് ബാബു, ടി.പി ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.