കോഴിക്കോട്: പയ്യോളിക്കടുത്തുള്ള അയനിക്കാട് കൊക്കർണി ചിറ ദേശീയ പാത വികസനത്തിന്റെ പേരിൽ നികത്തരുതെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ദിനേശ് കർത്ത ആവശ്യപ്പെട്ടു. അഴിയൂർ - വെങ്ങള ദേശീയ പാത ആറുവരിയാക്കുന്ന പ്രവൃത്തി ഏറ്റെടുത്ത അദാനി ഗ്രൂപ്പ് അഹമ്മദാബാദ് ആസ്ഥാനമായുള്ള വാഗഡ് കമ്പനിക്ക് ഇത് ഉപകരാർ നൽകിയിരിക്കയാണ്. ടാർ യൂണിറ്റിനും സിമന്റ് യൂണിറ്റിനുമായി രണ്ട് പ്ലാന്റുകൾ സ്ഥാപിക്കാനെന്ന പേരിൽ കൊക്കർണി ചിറ നികത്താൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ദേശീയ പാത വികസനത്തിന് ആരും എതിരല്ല. പ്ലാന്റുകൾ സ്ഥാപിക്കാൻ പകരം സ്ഥലം കണ്ടെത്തി നൽകണമെന്നും കൊക്കർണി ചിറ സംരക്ഷിക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.