കുറ്റ്യാടി: മലയോര മേഖലയിലെ കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുള്ളൻകുന്ന്- കുണ്ട് തോട് തൊട്ടിൽ പാലം റോഡ് വഴി പോകാൻ ആരുമൊന്ന് ശങ്കിക്കും. ഒന്നും രണ്ടുമാല്ല, റോഡ് റീടാറിംഗ് നടത്തിയിട്ട് പതിനേഴ് വർഷത്തോളമായി. വർഷങ്ങളായി പൊട്ടിപൊളിഞ്ഞു കിടക്കുകയാണ് റോഡ്.
തീർത്തും പൊട്ടിപൊളിഞ്ഞ് കരിങ്കൽ ചീളുകൾ പരിസരമാകെ ചിതറിക്കിടക്കുകയാണ്. എല്ലാവർഷവും ഓരോ മഴയും കൊണ്ട് പുതിയകുഴികൾ ഉണ്ടാകുന്നു, ഉണ്ടായ കുഴിയുടെ വലുപ്പം കൂടുന്നു. എന്നാൽ അധികൃതർക്ക് മാത്രം ഒരു കുലുക്കവുമില്ല.
നിലവിൽ ഇരുചക്ര വാഹനങ്ങൾ പോലും കടന്ന് പോവാൻ പറ്റാതിരിക്കുന്ന ഈറോഡിൽ ബസ് സർവീസുമില്ല.
നൂറ് കണക്കിനാളുകൾ അയൽപ്രദേശങ്ങളിലേക്ക് പോകാൻ മണിക്കൂറുകളോളം ജീപ്പുകളും ഓട്ടോയും കാത്തിരിക്കണം. ഹൈസ്കൂൾ, യു.പി സ്കൂൾ, ഒരു അൺ എയ്ഡഡ് സ്ഥാപനം, രണ്ട് ബാങ്കുകൾ, എന്നിവയ്ക്കു പുറമെ പഞ്ചായത്തിന്റെ പ്രൈമറി ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നതും കുണ്ടു തോടിലാണ്. വയനാടിൽ നിന്നും മറ്റും എത്തുന്നവർ പെരുവണ്ണാമുഴി ടൂറിസം മേഖലയിലേക്കുള്ള എളുപ്പ വഴിയായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
റോഡ് വികസനത്തിന് 2014-15-ൽ ബഡ്ജറ്റിൽ തുക വകയിരുത്തിയെങ്കിലും ചില ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നടന്നില്ല. 2015-16-ൽ സ്ഥലം എം.എൽ.എയുടെ ഇടപെടൽ മൂലം ആധുനികരീതിയിൽ റോഡ് വികസിപ്പിക്കാൻ തുക വകയിരുത്തുകയും കിഫ്ബി ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും
റോഡ് പണി പേപ്പറിൽത്തന്നെ.
നിസാരമായ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് റോഡ് പണി തുടങ്ങാനാവശ്യ സംവിധാനമുണ്ടാക്കേണ്ട പ്രാദേശിക ഭരണകുടത്തിന്റെ അലംഭാവമാണ് വർഷങ്ങളായി പണി നീണ്ടുപോകാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കാത്ത പക്ഷം കുണ്ടുതോട് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്നും ടാക്സികൾ ഉൾപെടെയുള്ള വാഹനങ്ങളുടെ സഞ്ചാരം നിറുത്തിവച്ച് ഹർത്താൽ ആചരിക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്.
''കുടിയേറ്റ നിവാസികൾ ഉൾപെടെയുള്ളവരും കർഷകരും, അയൽപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഏറെ പ്രയാസപെട്ടാണ്.""
സോജൻ ആലക്കൽ, സാമൂഹ്യ പ്രവർത്തകൻ
ടാർ ചെയ്തിട്ട് പതിനേഴ് വർഷം