കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനിയായ ദളിത് പെൺകുട്ടിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കുടിപ്പിച്ച ശേഷം കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൽ നാലു പ്രതികളെയും കോഴിക്കോട് പോക്സോ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. മരുതോങ്കര മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ് (24), മൊയിലോത്തറ തമഞ്ഞീമ്മൽ രാഹുൽ (22), അടുക്കത്ത് പാറച്ചാലിൽ ഷിബു (32), കായക്കൊടി പാലോളി അക്ഷയ് (22) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 20 മിനുട്ടിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജയിലിലേക്ക് മാറ്റി. പ്രതികളെ ഏഴു ദിവസം കോഴിക്കോട് സ്പെഷൽ സബ് ജയിലിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ച ശേഷം ജില്ലാ ജയിലേക്ക് മാറ്റും.