താമരശ്ശേരി: പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായി ജീവിത അവസാനംവരെ ജീവ കാരുണ്യ മേഖലയിൽ തുല്യതയിലാത്ത സേവന പ്രവർത്തനം നടത്തിയ മർഹൂം പി.സി നാസറിന്റെ നാമധേയത്തിൽ തച്ചം പൊയ്ലിൽ പബ്ലിക്ക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം വരുന്നു. നേരത്തെയുണ്ടായിരുന്ന തച്ചംപൊയിലിലെ ജനത ലൈബ്രറി ആധുനിക സംവിധാനങ്ങളോടെ സ്വന്തം കെട്ടിടത്തിലേക്ക് മാറാനും കെട്ടിടത്തിന് പി.സി നാസറിന്റെ പേരു നൽകാനും ലൈബ്രറി സമിതി തീരുമാനിച്ചു. പി.സി. ഹൗസിൽ നടന്ന ചടങ്ങിൽ കെട്ടിടത്തിന്റെ രേഖയും താക്കോലും പരേതനായ പി.സി അഹമ്മദ് കുട്ടി ഹാജിയുടെ പത്നിയും നാസറിന്റെ മാതാവുമായ പാത്തുമ്മയി ഹജ്ജുമ്മ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും ലൈബ്രറി കമ്മറ്റി ചെയർമാനുമായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾക്ക് കൈമാറി. സഹോദരങ്ങളായ പി.സി. ഷൗക്കത്ത്, പി.സി. ഫൈസൽ, പി.സി. ഇസ്മായിൽ, പി.സി. ഇഖ്ബാൽ എന്നിവരും കമ്മറ്റി അംഗളായ സയ്യിദ് അഷ്റഫ് തങ്ങൾ, പി.മുരളി, ശിവരാമൻ, ഗിരീഷ് തേവള്ളി, എൻ.പി മുഹമ്മദലി മാസ്റ്റർ, ടി.പി.കെ ഇബ്രാഹിം മാസ്റ്റർ, ടി.പി ജലീൽ, വി.സി ജുനൈസ്, നദീർ അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.