കോഴിക്കോട്: പ്രശസ്ത യൂറോളജി സർജനും കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറുമായ തളി 'കല്പക'യിൽ ഡോ.ടി.കെ.ജയരാജ് (82) അന്തരിച്ചു. 2006 മുതൽ മാതൃഭൂമി ഡയറക്ടറാണ്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം കേരള ഗവ. സർവിസിൽ അസി. സർജനായാണ് ഒൗദ്യോഗിക ജീവിതം തുടങ്ങിയത്. എഫ്.ഐ.സി.എസ്, എഫ്.ഐ.എം.എസ്.എ എന്നിവയും നേടിയിരുന്നു. 1976-ൽ കോഴിക്കോട്ട് പി.വി.എസ് ഹോസ്പിറ്റൽ തുടങ്ങിയതു മുതൽ അതിന്റെ സാരഥിയാണ്.

അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യ ഭരണസമിതി അംഗം, കേരള ചാപ്റ്റർ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ശ്രീകണ്‌ഠേശ്വര ക്ഷേത്രം പ്രവർത്തക സമിതി അംഗവും ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.

തൃശൂർ വലപ്പാട് മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്‌കൂൾ അദ്ധ്യാപകനായിരുന്ന എടമുട്ടം തണ്ടയംപറമ്പിൽ കുഞ്ഞികൃഷ്ണന്റെയും കാർത്ത്യായനിയുടെയും മകനാണ്. കെ.ടി.സി സ്ഥാപകനും പ്രമുഖ വ്യവസായിയുമായിരുന്ന പരേതനായ പി.വി.സാമിയുടെ മകൾ കുമാരി ജയരാജാണ് ഭാര്യ. മക്കൾ: ഡോ.ജെയ്‌സി ബൈജു (ഹാർട്ട് ആൻഡ് വാസ്‌കുലാർ കെയർ, ഫ്‌ളോറിഡ, യു.എസ്), ഡോ.ദീപ സുനിൽ (പി.വി.എസ് ഹോസ്പിറ്റൽ, കോഴിക്കോട്), ഡോ.ജയ്‌കിഷ് ജയരാജ് (ഡയറക്ടർ, പി.വി.എസ് ഹോസ്പിറ്റൽ), ഡോ.ദീഷ്‌മ രാജേഷ് (പി.വി.എസ് ഹോസ്പിറ്റൽ). മരുമക്കൾ: ഡോ.പ്രദീപ് ബൈജു (ഹാർട്ട് ആൻഡ് വാസ്‌കുലാർ കെയർ, ഫ്‌ളോറിഡ), ഡോ.സുനിൽ രാഹുലൻ (ദുബായ്), ഡോ.ആര്യ ജയ്‌കിഷ് (പി.വി.എസ് ഹോസ്പിറ്റൽ), ഡോ.രാജേഷ് സുഭാഷ് (പി.വി.എസ് ഹോസ്പിറ്റൽ).

സഹോദരങ്ങൾ: ടി.കെ.സാവിത്രി (ഫറോക്ക്), ടി.കെ.സതി (അയ്യന്തോൾ), പരേതരായ ഡോ.ടി.കെ.രവീന്ദ്രൻ (കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ), ടി.കെ.ഗംഗാധരൻ (വിമുക്തഭടൻ), ടി.കെ.ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, ചാലക്കുടി ഗവ. കോളേജ് ), ടി.കെ.സുരേന്ദ്രൻ (റിട്ട. ഇന്ത്യൻ റവന്യു സർവിസ്), ടി.കെ.സരോജിനി, ടി.കെ.സരസ്വതി.

സംസ്കാരം ഇന്ന് രാവിലെ 11 ന് മാവൂർ റോഡ് ശ്മശാനത്തിൽ.