കൽപ്പറ്റ: കർണ്ണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതുമൂലം കർഷകരും വിദ്യാർത്ഥികളുമുൾപ്പെടെ നേരിടുന്ന പ്രയാസം ടി.സി.സിദ്ദിഖ് എം.എൽ.എ കർണാടക ചീഫ് സെക്രട്ടറി പി.രവികുമാറിനെ ധരിപ്പിച്ചു.

കർഷകർക്ക് കർണാടകയിലെ അവരുടെ കൃഷിയിടങ്ങളിലേക്ക് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. കർണാടക ചെക്ക് പോസ്റ്റുകളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ശ്രദ്ധയിൽപ്പെടുത്തി.

രണ്ട് ദിവസം കൊണ്ട് പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കുമെന്നും കർണാടക ചീഫ് സെക്രട്ടറി ഉറപ്പു നൽകിയതായി എം.എൽ.എ അറിയിച്ചു.
ബാഗ്ലൂർ വിധാൻസൗധയിലുള്ള ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ചേമ്പറിലായിരുന്നു കൂടിക്കാഴ്ച്ച.

കർണാടകയിലെ മലയാളി കർഷകരുടെ കൂട്ടായ്മയായ എൻ.എഫ്.പി.ഒ യുടെ പ്രതിനിധികളായ ഫിലിപ്പ് ജോർജ്, എസ്.എം.റസാഖ്, ബി.എൽ.അജയ് കുമാർ, തോമസ് മിറർ, ജോർജ് മണിമല, കെ.ജെ.ഷാജി, ബിനേഷ് ഡൊമനിക്ക്, ബോബി എബ്രഹാം, എം.സിനു, സിബി മാത്യു, പി.സന്ദീപ് എന്നിവർ ഒപ്പമുണ്ടായിരുന്നു.