കോഴിക്കോട് : രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഒന്നിച്ചുനിന്ന് പ്രവർത്തിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബി തങ്ങൾ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന കൗൺസിൽ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്ലിം സമുദായത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമ്പോൾ മറുവശത്ത് ഇസ്ലാമിന്റെ പേരിൽ വർഗീയത ആരോപിക്കുകയാണ്. കേവലം പേരിൽ പോലും വർഗീയത കണ്ടെത്തി അപരവത്ക്കരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്നും തങ്ങൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ആമുഖഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ റിപ്പോർട്ട് അവതരിപ്പിച്ചു. സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു.