മീനങ്ങാടി: മനുഷ്യക്കടത്തിനെതിരെ പ്രാദേശികമായി ഇടപെടുന്നതിനും, മനുഷ്യക്കടത്തിന് ഇരയാക്കപ്പെടാൻ സാധ്യതയുള്ള ദുർബല വിഭാഗങ്ങളെയും മേഖലകളെയും കണ്ടെത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. കില, ജോയന്റ് വോളന്ററി ആക്‌ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ് ജ്വാല, ഇന്റർനാഷണൽ ജസ്റ്റീസ് മിഷൻ, ചൈൽഡ്‌ലൈൻ, വിശ്വാസ്, കാപ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുജന പങ്കാളിത്തത്തോടെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ രൂപീകരിക്കും. പ്രാദേശികമായി രൂപീകരിക്കുന്ന ഇത്തരം യൂണിറ്റുകൾ കർമ്മ പരിപാടികൾക്ക് രൂപം നൽകും. മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ നടന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മാർഗ്ഗരേഖയുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയൻ അദ്ധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ, എൻ.ഡി.ആർ.എഫ് മുൻ ഡി.ജി.പി. പി.എം.നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.നുസ്രത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഉഷാ രാജേന്ദ്രൻ, ബേബി വർഗ്ഗീസ്, അഡ്വ. പ്രേംനാഥ്, ഡോ. ഐപ് വർഗ്ഗീസ്, ആർ.ജെ.അരുണിമ, അഡ്വ. റെനി.കെ.ജേക്കബ്, സി.കെ.ദിനേശൻ, എ.സി.ദാവൂദ് തുടങ്ങിയവർ പങ്കെടുത്തു.