photo

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ പനയുള്ള കണ്ടി നിർമ്മലയുടെ വീട് ശക്തമായ ഇടിമിന്നലിൽ തകർന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് സംഭവം. നിർമ്മലയുടെ പ്രായമായ അമ്മയും സഹോദരന്റെ മക്കളും അടുക്കളയ്ക്കടുത്ത മുറിയിൽ കട്ടിലിൽ ഇരിക്കുകയായിരുന്നു. ഗോളാകൃതിയിലുള്ള ശക്തമായ മിന്നൽ അടുക്കളയിലെ പുകകൂട് തകർത്ത് അകത്തുണ്ടായിരുന്ന മിക്സി പൊട്ടിതെറിച്ചു. വലിയ ശബ്ദം കേട്ട് എല്ലാവരും പുറത്തേക്കോടി. നിർമ്മലയും സഹോദരങ്ങളും ജോലിക്ക് പോയിരുന്നു. നിലത്ത് ടൈൽസിൽ പല സ്ഥലങ്ങളിലായി ദ്വാരം വീണു. വൈദ്യുതി മീറ്ററും വയറിംഗും കത്തി പോയി. അടുക്കളയുടെ പിറക് വശം ഭൂമി കുഴിഞ്ഞ് പോവുകയും നിരവധി വാഴകൾ മുറിഞ്ഞ് വീഴുകയുമുണ്ടായി. തൊട്ടടുത്ത വീട്ടിലെ എ.സി തകരാറായി. വാർഡ് മെമ്പർ ഹരീഷ് നന്ദനം സംഭവസ്ഥലം സന്ദർശിച്ചു.