1

മാവൂർ; സ്വന്തമായി ഫയർ സ്റ്റേഷൻ എന്ന മാവൂരിന്റെ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമാവുകയാണ്. വർഷങ്ങളായി മുക്കം,വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനുകളെ ആണ് നാട്ടുകാർ ആശ്രയിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പേ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗ്രാമ പഞ്ചായത്തും ചേർന്ന് താത്കാലിക സൗകര്യങ്ങൾ ഒരുക്കി ഒരു ഫയർസ്റ്റേഷൻ ഉണ്ടാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ചുവപ്പ് നാടയിൽ കുരുങ്ങി. ഫണ്ടില്ലാത്തതുകൊണ്ട് സ്വപ്നം പാതിവഴിയിൽ തന്നെയായി. 2017 ലെ സംസ്ഥാന സർക്കാർ ബജറ്റിൽ മാവൂരിന് ഫയർ സ്‌റ്റേഷൻ അനുവദിച്ചു. എന്നാൽ അക്ഷര പിഴവ് മൂലം നഷ്ടമായി. ഒടുവിൽ വീണ്ടും 2021 ഫെബ്രുവരി 18ന് മാവൂരിൽ ഫയർസ്റ്റേഷന് സർക്കാർ അനുമതി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതിയും പഞ്ചായത്തും ചേർന്ന് നിർമ്മിച്ച കെട്ടിടത്തിന് പുറമെ ഗ്യാരേജും അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്നതിനായി അഡ്വ. പി.ടി.എ റഹിം എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ കൂടി അനുവദിച്ചു. അധികം വൈകാതെ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. മാവൂരിനൊടൊപ്പം പെരുവയൽ, പെരുമണ്ണ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്കും ഉപകാരമാണ് ഈ ഫയർ സ്‌റ്റേഷൻ.  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ആസ്തി വികസന ഫണ്ടിൽനിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ഫയർ സ്‌റ്റേഷൻ ഉടൻ യാഥാർത്ഥ്യമാവും. അഡ്വ. പി.ടി.എ റഹിം, എം.എൽ.എ  മാവൂരിൽ ഫയർ സ്റ്റേഷൻ കെട്ടിടത്തിനും അനുബന്ധ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുമായി എം.എൽ.എ ഫണ്ടിൽനിന്നും പത്തുലക്ഷം രൂപ അനുവദിച്ചതോടെ വലിയ പ്രതീക്ഷയിലും സന്തോഷത്തിലുമാണ് നാട്ടുകാരും വ്യാപാരികളും- നാസർ മാവൂരാൻ, മണ്ഡലം ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി