സുൽത്താൻ ബത്തേരി : ഡ്രെയ്നേജിന്റെ വീതികുറവ് കാരണം സുൽത്താൻ ബത്തേരി പട്ടണത്തിൽ മഴ പെയ്താൽ കടകളിൽ വെള്ളം കയറും. എംജി റോഡിൽ ഗാന്ധി ജംഗ്ഷനിലാണ് ഡ്രെയ്നേജിൽ നിന്ന് മഴവെള്ളം കടകളിലേക്ക് കയറുന്നത്. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ ഗാന്ധി ജംഗ്ഷനിലെ പത്തോളം കടകളിലാണ് വെളളം കയറിയത്. ഇതിനു പുറമെ ദേശീയപാതയിൽ മെയിൻ റോഡിൽ കാഞ്ഞിരാണ്ടിക്ക് സമീപവും വെള്ളം കയറി.
ഓവ്ചാലുകളുടെ ആഴക്കുറവും വീതിയില്ലായ്മയുമാണ് മഴ പെയ്താൽ കടകളിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിന് പ്രധാന കാരണം. മാനിക്കുനി മുതലുള്ള വെള്ളം മറ്റ് മാർഗങ്ങളിലൂടെ ഒഴുകി പോകാതെട് നേരെ ബത്തേരി പട്ടണത്തിലേക്കാണ് എത്തുന്നത്. പട്ടണത്തിലെ ഡ്രെയ്നേജിലേക്ക് വെള്ളമെല്ലാം ഒന്നിച്ച് ഒഴുകിയെത്തുന്നതുകൊണ്ട് ഡ്രൈനേജ് നിറഞ്ഞ് റോഡിലേക്കും കടകളിലേക്കും ഒഴുകിയെത്തുകയാണ്.
വീതിയില്ലാത്തതിനു പുറമെ മണ്ണും മറ്റും അടിഞ്ഞുകൂടി ഡ്രൈനേജിൽ വെള്ളമൊഴുക്ക് തടസപ്പെടുകയും ചെയ്യുന്നു. ഗാന്ധി ജംഗ്ഷനിലെ ഡ്രെയ്നേജ് പൊളിച്ചുമാറ്റി വീതികൂട്ടി നിർമ്മിച്ചില്ലെങ്കിൽ കനത്ത മഴയിൽ ഇനിയും പട്ടണത്തിലെ കടകളിൽ വെള്ളം കയറും. കഴിഞ്ഞ ദിവസത്തെ മഴയിൽ ചളിയും വെള്ളവും കയറി പത്തോളം കടകളിലെ സാധനങ്ങൾ നശിച്ചു.
ഫോട്ടോ--വെള്ളം
കഴിഞ്ഞ ദിവസം ബത്തേരി പട്ടണത്തിൽ വെള്ളം കയറിയപ്പോൾ