വടകര: ദേശീയപാത സ്ഥലമെടുപ്പ് സംബന്ധിച്ച പരാതികൾ കുന്നുകൂടിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ. വടകര ദേശീയ പാത വിഭാഗം ലാൻഡ് അക്വസിഷൻ തഹസിൽദാറുടെ ഓഫീസിലാണ് നൂറുകണക്കിന് പരാതികൾ കെട്ടിക്കിടക്കുന്നത്. കെട്ടിടങ്ങളുടെ വില നിർണയത്തിലുണ്ടായ അപാകതകൾ ചൂണ്ടികാണിച്ച പരാതികളാണ് ഭൂരിഭാഗവും. സ്വകാര്യ ഏജൻസിയെ വച്ചായിരുന്നു കെട്ടിടങ്ങളുടെ വില നിർണയം നടത്തിയിരുന്നത്. മൂരാട് മുതൽ അഴിയൂർ വരെ വീടുകൾ , കച്ചവട സ്ഥാപനങ്ങൾ മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ വില നിർണയം നടത്തിയപ്പോൾ നിരവധി അപാകതകളാണ് കടന്നുകൂടിയത്. അളവെടുപ്പിലെ തകരാറുകൾ, മതിൽ, കിണർ എന്നിവയുടെ വില രേഖപ്പെടുത്താതിരിക്കൽ, നിർമ്മാണ സാമഗ്രികൾ, കെട്ടിടങ്ങളുടെ തറ, സെപ്റ്റിക്ക് ടാങ്ക് തുടങ്ങിയവയുടെ വില കാണിക്കുന്നതിൽ വന്ന വീഴ്ച തുടങ്ങി പരാതികൾ ഏറെയായിരുന്നു. കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന നിർദ്ദേശം വന്നതോടെ ഉന്നയിച്ച പരാതികളുടെ തെളിവുകൾ ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് ഉടമസ്ഥർ. പരാതി നൽകി നാലുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കർമ്മ സമിതി. ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികളായ പ്രദീപ് ചോമ്പാലയും എ.ടി മഹേഷും അറിയിച്ചു.