കുന്ദമംഗലം: കുന്ദമംഗലം എ.യു.പി സ്കൂൾ മുറ്റത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം തേടി വിദ്യാർത്ഥികൾ സംസ്ഥാന ബാലാവകാശ കമ്മിഷന് പരാതി നൽകി. കുന്ദമംഗലം അങ്ങാടിയിലെ മാലിന്യം സ്കൂൾ മുറ്റത്തും ക്ലാസ് മുറികളിലും ഒഴുകിയെത്തുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിഷന്റെ ഇടപെടലിന് വഴിയൊരുങ്ങുന്നത്.
നൂറ്റാണ്ടിന്റെ പഴക്കമുളളതാണ് കുന്ദമംഗലം ഉപജില്ലയിലെ കുന്ദമംഗലം എ.യു.പി സ്കൂൾ. എയ്ഡഡ് വിദ്യാലയമായതിനാൽ ഭൗതിക സൗകര്യക്കുറവും ഏറെയാണ്. കുന്ദമംഗലം അങ്ങാടിയിൽ നിന്നെത്തുന്ന മാലിന്യം 100 മീറ്ററോളം നീളത്തിൽ സ്കൂൾ ഓഫീസ് കെട്ടിടത്തിനും ഹാളിനും ഇടയിലെ തോട്ടിലൂടെയാണ് ഒഴുകുന്നതെന്നും മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ മാലിന്യം നിറഞ്ഞ സ്കൂൾ അന്തരീക്ഷത്തിൽ പഠിക്കേണ്ടി വരുമെന്നും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു. ബന്ധപ്പെട്ടവരുടെ ജാഗ്രതക്കുറവിൽ സമാധാനത്തോടെയും സന്തോഷത്തോടെയും പഠിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ പരാതിയിൽ വ്യക്തമാക്കി.