സുൽത്താൻ ബത്തേരി: ബുധനാഴ്ച വലിയവട്ടം തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം ഇന്നലെ വൈകീട്ട് ആറരയോടെ കണ്ടെത്തി. മാടക്കര പാമ്പുംകുനി ആദിവാസി കോളനിയിലെ കരിമ്പൻ-കൊരമ്പ ദമ്പതികളുടെ മകൻ വിനോദ് (33) ന്റെ മൃതദേഹമാണ് വലിയവട്ടം പാലത്തിന് സമീപത്ത് നിന്ന് തുർക്കി ജീവൻ രക്ഷാ സേന കണ്ടെടുത്തത്. ബുധനാഴ്ച രാത്രി എട്ടരയോടെടിയാണ് വിനോദ് തോട്ടിൽ വീണത്.
കനത്ത മഴയെ തുടർന്ന് തോട് കരകവിഞ്ഞ് ഒഴുകുകയായിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണതാണെന്ന് സംശയിക്കുന്നു. ചുള്ളിയോട് ഭാഗത്ത് നിന്ന് ബത്തേരിയിലേക്ക് ബൈക്കിൽ വരുകയായിരുന്ന രണ്ട് യുവാക്കാൾ അപകടം കണ്ട് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ വെള്ളത്തിൽ വീണ വിനോദിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും രാത്രി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ നടത്തിയെങ്കിലും കനത്ത കുത്തൊഴുക്ക് കാരണം ശ്രമം വിജയിച്ചില്ല. വൈകീട്ട് അഞ്ച് മണിയോടെ ഫയർഫോഴ്സ് തെരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു.
ആറ് മണിയോടെ കൽപ്പറ്റയിൽ നിന്നെത്തിയ തുർക്കി ജീവൻ രക്ഷാ സേന വെള്ളത്തിനടിയിൽ മുങ്ങി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലത്തിൽ നിന്ന് 20 മീറ്റർ മാറി തോട്ടിൽ ചളിയിൽ പൂണ്ടു കിടക്കുന്ന നിലയിലായിരുന്നു. വിനോദിന്റെ ഭാര്യ ലീല നേരത്തെ മരിച്ചതാണ്. മക്കൾ: വിജിത്ത്, ലജിത്ത്.
ഫോട്ടോ--വിനോദ്