വടകര: കൊവിഡിനുശേഷം ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പഴയപടി തുറന്നുപ്രവർത്തിക്കാൻ പോകുന്ന സാഹചര്യത്തിൽ റെയിൽവേ നിർത്തലാക്കിയ സീസൺടിക്കറ്റ് പുനസ്ഥാപിക്കണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു. ഇപ്പോൾതന്നെ സ്ഥിരം യാത്രക്കാർ സീസൺ ടിക്കറ്റ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിലാണ്. സ്‌കൂളുകളും കോളജുകളും തുറന്നാൽ വിദ്യാർത്ഥികൾക്ക് യാത്രയെന്നത് വലിയ ദുരിതമാകും. അതിനാൽ എത്രയുംവേഗം സീസൺ ടിക്കറ്റ് പുനസ്ഥാപിക്കാനും റെയിൽവേ സ്റ്റേഷനുകളിൽ കറന്റ് ടിക്കറ്റ് പ്രവർത്തനം പഴയപടിയിലേക്ക് എത്തിക്കാനും, നിർത്തലാക്കിയ ലോക്കൽ ട്രെയിനികളുടെ സർവീസ് പുനഃസ്ഥാപിക്കണമെന്നും റെയിൽവേ അധികാരികളോട് എം.എൽ.എ അഭ്യർത്ഥിച്ചു. ഈ ആവശ്യമുന്നയിച്ചു റെയിൽവേ ഡിവിഷണൽ ഓഫിസർക്ക് കത്തയിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.