കോഴിക്കോട്: നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാനിരിക്കെ, സുരക്ഷാ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നിർദ്ദേശം.
കളക്ടറേറ്റിൽ ചേർന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ അവലോകന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. യോഗം ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.
പ്ലാസ്റ്ററിംഗ് നടത്താത്ത സ്‌കൂൾ കെട്ടിടങ്ങൾക്കും പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകരുതെന്ന് നിർദ്ദേശിച്ചു. മാനേജർമാരുമായി തർക്കമുള്ള കെട്ടിടങ്ങളിൽ നിർബന്ധമായും അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാക്കണം. ഇത്തരം കെട്ടിടങ്ങളിൽ വൈദ്യുതിയില്ലെങ്കിൽ പ്രധാനദ്ധ്യാപകരുടെ പേരിലെടുക്കുന്ന കൈവശാവകാശ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കണക്ഷനെടുക്കാം.
പട്ടികജാതി വകുപ്പ് വഴി അനുവദിച്ച പഠനമുറികൾ തുടർന്നും ഈ ആവശ്യത്തിന് തന്നെ ഉപയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ വകുപ്പ് പരിശോധന നടത്തണം. സ്‌കൂൾ ബസ്സുകൾ പരിശോധിച്ച് നടപടികൾ വേഗത്തിലാക്കണം. സ്‌കൂൾ ബസുകൾ ഉപയോഗിക്കാൻ പറ്റാത്ത, യാത്രാക്ലേശമുള്ള പ്രദേശങ്ങളിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ നടത്താൻ കഴിയുമോയെന്ന് പരിശോധിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
സ്‌കൂളുകളിൽ റിപ്പോർട്ട് ചെയ്യുന്ന പോക്‌സോ കേസുകൾ സംബന്ധിച്ച നടപടികൾ എപ്രകാരമായിരിക്കണമെന്നത് സംബന്ധിച്ച് സ്ഥാപന മേധാവികൾക്കും അദ്ധ്യാപകർക്കും ബോധവത്കരണം നൽകാൻ കമ്മിഷൻ നടപടിയെടുക്കുമെന്ന് രജിസ്ട്രാർ പി.വി. ഗീത പറഞ്ഞു.
ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷനായിരുന്നു. കമ്മിഷൻ അംഗം അഡ്വ. നസീർ ചാലിയം വിഷയം അവതരിപ്പിച്ചു. എ.ഡി.എം സി.മുഹമ്മദ് റഫീഖ്, എസി.പി ടി.പി. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. കമ്മിഷൻ അംഗം അഡ്വ.ബബിത ബൽരാജ് സ്വാഗതവും ജില്ലാ ശിശു സംരക്ഷണ സമിതി പ്രൊട്ടക്‌ഷൻ ഓഫീസർ പാർവതിഭായ് നന്ദിയും പറഞ്ഞു.
രക്ഷിതാക്കൾ വാക്‌സിനേഷൻ
വൈകിക്കരുത്
കോഴിക്കോട്: നീണ്ട ഇടവേള പിന്നിട്ട് സ്‌കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ രണ്ടാം ഡോസെടുക്കാൻ സമയമായ എല്ലാ രക്ഷിതാക്കളും വീട്ടിലെ മറ്റു അംഗങ്ങളും വാക്‌സിനേഷൻ പൂർത്തീകരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രങ്ങളുമായോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെട്ട് വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ ഓർമ്മിപ്പിച്ചു.
കൊവിഷീൽഡ് വാക്‌സിന്റെ ഒന്നാം ഡോസ് എടുത്തവർക്ക് 84 ദിവസങ്ങൾക്ക് ശേഷവും കൊവാക്‌സിൻ ഒന്നാം ഡോസെടുത്തവർക്ക് 28 ദിവസങ്ങൾക്ക് ശേഷവും രണ്ടാം ഡോസെടുക്കാം. കൊവിഡ് പോസിറ്റീവായാൽ മൂന്ന് മാസത്തിന് ശേഷം വാക്‌സിനേഷനാവാം. എല്ലാ സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വാക്‌സിൻ ലഭ്യമാണ്.
ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ള 93 ശതമാനം ആളുകൾ ഒന്നാം ഡോസും 46 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. രണ്ട് ഡോസും എടുത്താൽ മാത്രമേ കൊവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി കൈവരിക്കാനാവൂ. രണ്ട് ഡോസും എടുത്തവരിൽ കൊവിഡ് ബാധിച്ചാൽ ഗുരുതരമാകാനുള്ള സാദ്ധ്യത വളരെ കുറയും.