തിരുവമ്പാടി: അഗസ്ത്യൻമുഴി-തിരുവമ്പാടി-കൈതപ്പൊയിൽ റോഡ് നിർമ്മാണത്തിലെ ക്രമക്കേട് തിരുത്താൻ ഫലപ്രദമായ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അഗസ്ത്യൻമുഴി പാലത്തിന് സമീപം റോഡിന്റെ ഇരുവശങ്ങളിലും മുപ്പതടി ഉയരത്തിൽ കെട്ടിപ്പൊക്കിയ സംരക്ഷണഭിത്തിയുടെ അടിത്തറ അടുത്ത നാളിൽ തകർന്നു വീണിരുന്നു. തകർന്ന ഭാഗം കല്ലുവച്ചടച്ച് സിമന്റ് പൂശി നാട്ടുകാരെ കബളിപ്പിക്കുകയാണ് ഉദ്യോഗസ്ഥരുടെയും ഭരണക്കാരുടെയും ഒത്താശയോടെ കരാറുകാരൻ ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. അടിത്തറ തകർന്ന ഭാഗത്തിന്റെ കിഴക്കും പടിഞ്ഞാറും ഇനിയും ഇടിയാനുള്ള സാദ്ധ്യതയുണ്ട്. ഈ റോഡുപണിയുടെ ഭാഗമായി തിരുവമ്പാടി ടൗണിൽ നിർമിച്ച ഓടകൾ പരസ്പരം ബന്ധിപ്പിക്കാത്തതുമൂലം മഴ പെയ്താൽ ടൗണിൽ വെളളക്കെട്ടും രൂപപ്പെടുന്നു. കരാറുകാരനെതിരെ നടപടി സ്വീകരിച്ച് റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് യു.സി അജ്മലിന്റെ നേത്യത്വത്തിൽ പ്രവർത്തകർ സ്ഥലം സന്ദർശിച്ചു. ജിതിൻ പല്ലാട്ട്, അർജുൻ ബോസ്, അമൽ നെടുങ്കല്ലേൽ, ലിബിൻ ബെൻ തുറുവേലിൽ, ലിബിൻ അമ്പാട്ട്, പി.എസ്. സക്കീർ, സലീം സൂൽത്താൻ എന്നിവർ പങ്കെടുത്തു.