പ്രദർശനം ബുധനാഴ്ച മുതൽ
കോഴിക്കോട്: കൊവിഡ് ലോക്ക് ഡൗണോടെ ഇരുളിലാണ്ട തിയേറ്ററുകൾക്ക് തിങ്കളാഴ്ച മുതൽ തുറക്കാൻ അനുമതിയായെങ്കിലും ജില്ലയിൽ രണ്ടു ദിവസം കൂടി കഴിയും അഭ്രപാളിയിൽ വെള്ളിച്ചം നിറയാൻ. പ്രദർശനത്തിന് സിനിമകൾ ഇല്ലെന്നതു പോലെ റിലീസ് ദിവസമല്ലെന്നതും പ്രശ്നമായതോടെ തിയേറ്റർ തുറക്കുന്നത് നീട്ടാൻ ഉടമകൾ തീരുമാനിക്കുകയായിരുന്നു.
നഗരത്തിലെ പ്രധാന തിയേറ്ററുകളിൽ പെടുന്ന ക്രൗൺ, കൈരളി - ശ്രീ, റീഗൽ എന്നിവ ബുധനാഴ്ച തുറക്കും. അപ്സര, രാധ, ഗംഗ എന്നിവ വ്യാഴം, വെള്ളി ദിവസങ്ങളിലായും പ്രവർത്തനം പുനരാരംഭിക്കും. അന്യഭാഷാ ചിത്രങ്ങളുടെ തള്ളിച്ചയായിരിക്കും തുടക്കത്തിൽ. ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടു ഡൈ", മറ്റു സംസ്ഥാനങ്ങളിൽ റിലീസ് ചെയ്ത വെനം, തമിഴ് ചിത്രം ഡോക്ടർ എന്നിവയാണ് ഈ ദിവസങ്ങളിൽ പ്രദർശനത്തിനെത്തുക. ജോജു ജോർജ് - പൃഥ്വിരാജ് ചിത്രമായ 'സ്റ്റാർ" ആയിരിക്കും റിലീസിനെത്തുന്ന ആദ്യ മലയാള സിനിമ.
നവംബർ ആദ്യവാരം രജനീകാന്തിന്റെ അണ്ണാത്തെ, അക്ഷയ് കുമാറിന്റെ സൂര്യവംശി, നവംബർ 12 ന് ദുൽഖർ സൽമാന്റെ കുറുപ്പ്, 19 ന് ആസിഫ് അലിയുടെ എല്ലാം ശരിയാകും, സുരേഷ് ഗോപി ചിത്രം കാവൽ, ജിബൂട്ടി, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളെത്തുന്നതോടെ തീയേറ്റർ മേഖല സജീവമാകും.
നീണ്ട ഒന്നര വർഷത്തിന് ശേഷമാണ് തിയേറ്ററുകൾ തുറക്കുന്നത്. ഇടയ്ക്ക് ഇളവുകളോടെ തുറന്നെങ്കിലും കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ ഏപ്രിൽ 26 ന് തിയേറ്ററുകൾക്ക് പിന്നെയും പൂട്ട് വീഴുകയായിരുന്നു.
ആളുകളുടെ വരവില്ലാതിരുന്നപ്പോഴും തിയേറ്ററുകളിൽ വല്ലപ്പോഴും പ്രൊജക്ടർ പ്രവർത്തിപ്പിച്ചിരുന്നു. ദീർഘകാലം ചലനമില്ലെങ്കിൽ കേടായിപ്പോവുന്നത് ഒഴിവാക്കാനായിരുന്നു ഇത്. ഇപ്പോൾ തുറക്കാൻ അനുമതി ലഭിച്ചതോടെ പൂപ്പൽ പിടിച്ച കസേരകളും തറയും മറ്റും തുടച്ച് വൃത്തിയാക്കി സാനിറ്റൈസ് ചെയ്തു. തിയേറ്റർ പരിസരവും വൃത്തിയാക്കിയിട്ടുണ്ട്.
തുറക്കുമ്പോഴുള്ള നിബന്ധനയിൽ ആശങ്കയില്ലാതില്ല ഉടമകൾക്ക്. സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ടിക്കറ്റേ കൊടുക്കാനാവൂ എന്നതു തന്നെ മുഖ്യപ്രശ്നം. അടഞ്ഞുകിടന്ന മാസങ്ങളിലെ കെ.എസ്.ഇ.ബി ഫിക്സഡ് ഡെപ്പോസിറ്റ് തുക ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഇതുവരെ അനുകൂല നിലപാടുണ്ടായിട്ടില്ല. കെട്ടിട, വിനോദ നികുതിയിൽ ഇളവ് വേണമെന്ന തിയേറ്റർ ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും തീരുമാനം നീളുകയാണ്.
''തിയേറ്റർ തുറക്കാമെന്ന് പറഞ്ഞെങ്കിലും പുതിയ സിനിമകൾ കിട്ടാൻ കാത്തിരിക്കണം. എന്തായാലും വ്യാഴാഴ്ച തുറക്കും.
സതീശൻ
ഗംഗ തിയേറ്റർ ഉടമ
'' 'നോ ടൈം ടു ഡൈ" ... ജെയിംസ് ബോണ്ട് പടവുമായാണ് നാളെ തുടക്കം. പിന്നീട് ''സാൻ ചീൻ'', വെനം എന്നീ സിനിമകളുമെത്തും. ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. ആ അനിശ്ചിതത്വത്തിൽ ആശങ്കയുണ്ട്.
വിനോദ് സ്വാമി,
ക്രൗൺ തിയേറ്റർ ഉടമ
''പടങ്ങൾ ഒന്നുമില്ല. വെള്ളിയാഴ്ചയാണ് തിയേറ്റർ തുറക്കുക.
മുരളീകൃഷ്ണൻ,
രാധ തിയേറ്റർ ഉടമ
''മിക്കവാറും നാലാം തീയതി തുറക്കും. തിയേറ്ററിലെ ശുചീകരണ പ്രവൃത്തിയുൾപ്പെടെ പൂർത്തിയാക്കിയതാണ്.
ജോസുകുട്ടി,
അപ്സര തിയേറ്റർ ഉടമ