കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ട നിർവഹണ സമിതി യോഗം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്നു. ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു.

നിലവിൽ വീടും സ്ഥലവും ഇല്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനായി വടകര മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള മണിയൂർ പഞ്ചായത്തിലെ പത്താഴക്കുന്ന് എന്ന സ്ഥലത്ത് കെയർ ഹോം രണ്ടാംഘട്ട പദ്ധതിയിലുൾപ്പെടുത്തി ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് നിർദ്ദേശം നൽകി. മൂന്നു നിലകളിലായി 40 ഫ്ലാറ്റ് നിർമ്മിച്ചു നൽകാനാണ് നിർദേശം. നിലവിൽ ലൈഫ് മിഷൻ അനുവദിച്ച സ്ഥലമാണിത്.

യോഗത്തിൽ വടകര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ കെ.പി ബിന്ദു, പാക്‌സ് (പി.എ.സി.എസ്) അസോസിയേഷൻ പ്രതിനിധി ഇ. അരവിന്ദാക്ഷൻ, സഹകാരി ഇ.കെ ദിവാകരൻ, ലൈഫ് മിഷൻ കോർഡിനേറ്റർ സിബി വർഗീസ്, വടകര മുനിസിപ്പാലിറ്റി സെക്രട്ടറി കെ. മനോഹരൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.