ഒന്നാം സെമസ്റ്റർ പരീക്ഷാ ഫലം ഒന്നരവർഷമായിട്ടും വന്നില്ല
കോഴിക്കോട്: ഒന്നും ഒന്നരവർഷം മുമ്പും എഴുതിയ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കാതെ വീണ്ടും പരീക്ഷയെഴുതാൻ അറിയിപ്പ് നൽകി കാലിക്കറ്റ് സർവകലാശാല. 2019 - 22 ബാച്ച് ബിരുദ വിദ്യാർത്ഥികളോടാണ് ഈ മാസം 27 മുതൽ മാർച്ച് വരെയുള്ള കാലയളവിൽ നാല് സെമസ്റ്റർ പരീക്ഷകളും രണ്ട് ഇന്റേണൽ പരീക്ഷകളും എഴുതാൻ നിർദ്ദേശിച്ചിരിക്കുന്നത്. സയൻസ് വിദ്യാർത്ഥികൾ ലാബ് പരീക്ഷയിലും പങ്കെടുക്കണം. ഇന്റേണൽ അവസാന വർഷ പ്രൊജക്ട്, അസൈൻമെന്റുകൾ എന്നിവ സമർപ്പിക്കണം. കൂടാതെ പ്രൊജക്ടിന്റെ വൈവയ്ക്കും അഞ്ചും ആറും സെമസ്റ്റർ ക്ളാസുകളിലും ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.
ഒന്നര വർഷം മുമ്പ് നടന്ന ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു വർഷം മുമ്പ് നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയം പോലും കഴിയാതെയാണ് വിചിത്ര തീരുമാനവുമായി സർവകലാശാല വന്നിരിക്കുന്നത്.
സർവകലാശാലയുടെ തലതിരിഞ്ഞ നടപടിയോടെ വിദ്യാർത്ഥികൾ കടുത്ത സമ്മർദ്ദത്തിലാണ്. പലരും ഡിഗ്രി പഠനം ഉപേക്ഷിച്ച മട്ടാണ്.
കൊവിഡ് വ്യാപനത്തോടെ ക്ളാസുകൾ ഉറപ്പാക്കാനോ അക്കാദമിക് കലണ്ടർ അനുസരിച്ച് പ്രവർത്തിക്കാനോ സർവകലാശാലയ്ക്കോ കോളേജുകൾക്കോ കഴിഞ്ഞിരുന്നില്ല. ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അഭാവം മൂലവും നെറ്റ് വർക്ക് പ്രശ്നങ്ങൾ കാരണവും പല വിദ്യാർത്ഥികളും ഓൺലൈൻ ക്ളാസിൽ പങ്കെടുത്തിരുന്നില്ല. പുതിയ സിലബസായതിനാൽ അദ്ധ്യാപകർക്കും കൃത്യമായി പഠിപ്പിക്കാൻ സാധിച്ചില്ല. എന്നാൽ പരീക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സർവകലാശാല. ഇതിനെതിരെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മയായ 'വോയ്സ് ഒഫ് സി.യൂ' ഗവർണർ , ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് പരാതി നൽകിയെങ്കിലും പ്രതികരണമില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.