leela
ലീല

കൊയിലാണ്ടി: ട്രാക്കിൽ മിന്നൽ പിണരായെങ്കിലും ജീവിതത്തിൽ കിതച്ച് മുൻ കായിക താരം. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെങ്ങളം പടിഞ്ഞാറെ കുനിയിൽ ലീലയാണ് ഓർമ്മയുടെ ജഴ്സിയിൽ കണ്ണീർ തുടച്ച് കഴിയുന്നത്. വെങ്ങളം യു.പി സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ട്രാക്കിലും മൈതാനത്തും വിസ്മയമായിരുന്നു ലീല. തൃക്കോട്ടൂർ സ്കൂൾ പ്രതിനിധിയായി അത്‌ലറ്റിക്സിൽ മത്സരിച്ച ലീല വാരിക്കൂട്ടിയ ട്രോഫികൾ നിരവധി. അതും ഒളിമ്പ്യൻ പി.ടി ഉഷയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി !. വെങ്ങളം യു.പി സ്കൂൾ കായികാദ്ധ്യാപകനായ അത്തോളി ശങ്കരന്റെ കീഴിലായിരുന്നു പരിശീലനം. ആവശ്യമായ ജഴ്സിയോ ഷൂസോ ഇല്ലാതെയായിരുന്നു ലീലയുടെ ഓരോ കുതിപ്പും. അപ്പോഴും അത്‌ലറ്റുകൾക്ക് ഭക്ഷണം നൽകാൻ ശങ്കരൻ മാഷ് പ്രത്യേകം ശ്രദ്ധിച്ചു. കൊയിലാണ്ടി ഗവ: ബോയ്സ് ഹൈസ്കൂളിലെ കായികാദ്ധ്യാപകരായിരുന്ന ബാലനും​ ഇമ്പിച്ചിയും നൽകിയ പ്രോത്സാഹനം ലീല ഓർക്കുകയാണ്. ജീവിതപ്രയാസം കനപ്പെട്ടപ്പോൾ എട്ടാം ക്ലാസിൽ പഠനം നിർത്തിയെങ്കിലും ഓട്ടം തുടർന്നു. ഹൈജംപിലും ലോംഗ്ജംപിലും വോളിബാളിലും ഒരുപോലെ താത്പര്യം കാട്ടിയ ലീല മലബാർ മഹോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി. കാപ്പാടെ വാസ്കോ ക്ളബ്ബ്,​ നവതാര, സൈപ മോക്ക് ക്ലബുകൾക്ക് വേണ്ടി പലതവണ ജഴ്സി അണിഞ്ഞിട്ടുണ്ട് ഈ കായിക താരം. കുറച്ചുകാലം വെങ്ങളം യു.പി സ്കൂളിലെ കായിക പരിശീലകയായും വേഷമണിഞ്ഞു. പറമ്പുകളും കടലോരവും മൈതാനമാക്കി മുപ്പത് കുട്ടികളെ പരിശീലിപ്പിച്ചു. അന്നത്തെ അത്‌ലറ്റുകളെല്ലാം നാട്ടിലെത്തിയാൽ ലീലയെ കാണാനെത്തും. ഒരിക്കൽ കോതമംഗലം സ്കൂളിൽ ജോലിക്കായി ശ്രമിച്ചിരുന്നു. എന്നാൽ ജോലി കിട്ടിയില്ല,​ നൽകിയ സർട്ടിഫിക്കറ്റുകളും നഷ്ടമായി. ഇക്കാര്യം പി.ടി ഉഷയോട് പറഞ്ഞതായി ലീല ഓർക്കുന്നു. കാപ്പാടെ നാലേകാൽ സെന്റിലുണ്ടായിരുന്ന കൂരയിലായിരുന്നു താമസം. കൂര വീണതോടെ മകളോടൊപ്പം കോളനിയിലാണ്. താമസം മാറിയതോടെ ട്രോഫികളെല്ലാം ചേവായൂരിലെ ഒരു ക്ളബ്ബിന് നൽകിയതായി ലീല പറയുന്നു. അയൽപക്ക വീടുകളിലെ പശുക്കൾക്ക് പുല്ല് ചെത്തി കൊടുത്തും മറ്റുമാണ് ഇപ്പോഴത്തെ ജീവിതം. വാർദ്ധക്യ കാലത്ത് കയറി കിടക്കാൻ സ്വന്തമായൊരു വീട് മാത്രമാണ് ഈ പഴയ താരത്തിന്റെ ഏക മോഹം. ലൈഫ് പദ്ധതിയിൽ ലീലയ്ക്ക് വീടു വെച്ച് നൽകാമെന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.