കോഴിക്കോട്: ആദിവാസികളിൽ നിയമ ബോധവത്ക്കരണവുമായി നിയമ വിദഗ്ദ്ധരുടെ കോളനി സന്ദർശനം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ കാക്കണഞ്ചേരി, പൂണ്ട, വെണ്ടേക്കുംപൊയിൽ , മേക്കോഞ്ഞി, വട്ടച്ചിറ എന്നീ കോളനികളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ജില്ലാ ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റി ചെയർപേഴ്സണുമായ പി.രാഗിണി , അതോറിറ്റി സെക്രട്ടറി എം.പി ഷൈജൽ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ സയീദ് നയീം എന്നിവർ നേതൃത്വം നൽകി.
കാക്കണഞ്ചേരി കോളനിയിൽ വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ ടാബ് എം.പി ഷൈജൽ ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപകന് കൈമാറി. പാത്തിപ്പാറ കോളനി സന്ദർശനത്തിനിടെ ആദിവാസി വിവാഹത്തിൽ പങ്കെടുക്കുകയും വധൂവരൻമാർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. പൂണ്ട കോളനിയിൽ നടന്ന നിയമ ബോധവൽക്കരണ ക്ലാസിൽ അഡ്വ.വിഷ്ണുപ്രിയ ശിവാജി ക്ലാസെടുത്തു. മേക്കോഞ്ഞി കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു. വെണ്ടേക്കുംപൊയിൽ കോളനി നിവാസികളുടെ പരാതികൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. വൈകീട്ട് 3 മണിക്ക് വട്ടച്ചിറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമാപനം ജില്ലാ ജഡ്ജി പി.രാഗിണി ഉദ്ഘാടനം ചെയ്തു. എം.പി ഷൈജൽ അദ്ധ്യക്ഷത വഹിച്ചു .താമരശ്ശേരി തഹസിൽദാർ സുബൈർ, താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ്, വാർഡ് മെമ്പർ .റോസ്‌ലി മാത്യു, ഷമീർ, വോളണ്ടിയർ ജയരാജൻ തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ. വിഷ്ണുപ്രിയ ശിവാജി ക്ലാസെടുത്തു.