സുൽത്താൻ ബത്തേരി: വയനാട് ജില്ലാ ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിനെതിരെ രാഷ്ട്രീയ പ്രേരിതമായ കുപ്രചരണങ്ങൾ നടത്തുകയാണെന്ന് സി.പി.എം ബത്തേരി ഏരിയ കമ്മറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2020 മാർച്ചിൽ ലോക്ഡൗൺ കാലത്ത് സംഘം സെക്രട്ടറിയായിരുന്ന ആൾ രേഖകളിൽ കൃത്രിമം കാട്ടി പണം അപഹരിച്ചു. കൃത്രിമം കണ്ടെത്തിയപ്പോൾ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ജോയിന്റ് രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരികയാണ്. ജീവനക്കാരൻ നടത്തിയ സമ്പത്തിക ക്രമക്കേടിന്റെ പേരിൽ സിപിഎമ്മിനെതിരെയും സംഘം പ്രസിഡന്റിനെതിരെയും കുപ്രചരണം നടത്തുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.
ബത്തേരി അർബ്ബൻ ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടിയിൽപ്പരം രൂപ കോഴ വാങ്ങിയവരാണ് ഇപ്പോൾ സംഘം ജീവനക്കാരൻ നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പ്രചാരണം നടത്തുന്നത്. സഹകരണ വകുപ്പിന്റെ അനുമതിയോടെയാണ് സംഘം ജില്ലയിൽ ആറ് വിൽപ്പന ശാലകൾ ആരംഭിച്ചത്. പൊതു മാർക്കറ്റിലേതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് സംഘം ടിക്കറ്റുകൾ തൊഴിലാളികൾക്ക് നൽകുന്നത്.
എല്ലാ വർഷവും സഹകരണ വകുപ്പിന്റെ ഓഡിറ്റിംഗ് കൃത്യമായി നടക്കുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.വി.ബേബി, ഏരിയ സെക്രട്ടറി ബേബി വർഗ്ഗീസ്, സംഘം പ്രസിഡന്റ് പി.ആർ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

ലോട്ടറി സഹകരണ സംഘം ഓഫീസിലേക്ക് മാർച്ച് നടത്തി
സുൽത്താൻ ബത്തേരി: ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ നടന്ന അഴിമതിയെപ്പറ്റി സംഘം ഭരണസമിതി പിരിച്ച് വിട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റി സംഘം ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സതീഷ് പൂതിക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം, എൻ.എം.വിജയൻ. ഡി.പി.രാജശേഖരൻ, നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, ഇന്ദ്രജിത്ത്, ബാബു പഴുപ്പത്തൂർ, കുന്നത്ത് അഷറഫ്, ഭുവനചൻ്ര, ശ്രിജി ജോസഫ്, അനിൽ എസ്.നായർ, എന്നിവർ സംസാരിച്ചു. ടി.ടി.ലൂക്കോസ് സ്വാഗതവും യൂനസ് അലി നന്ദിയും പറഞ്ഞു.

ഫോട്ടോ--ലോട്ടറി
ലോട്ടറി തൊളിലാളി സഹകരണ സംഘത്തിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.