സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചിൽപ്പെട്ട തോട്ടാമൂല പൂമറ്റം വനമേഖലയിൽ രാത്രി തോക്കുമായി അതിക്രമിച്ച് കയറിയ പൊലീസുകാരന് വേണ്ടിയുള്ള തെരച്ചിൽ വനം വകുപ്പ് ഊർജിതമാക്കി. തമിഴ്നാട് ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശിയും എരുമാട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളുമായ ജെ.ഷിജു (40) ആണ് വനത്തിൽ രാത്രി തോക്കുമായി കറങ്ങി നടന്നത്. തമിഴ്നാട് പൊലീസ് സസ്‌പെന്റ് ചെയ്ത ഷിജു ഒളിവിലാണ്.
കഴിഞ്ഞ സെപ്തംബർ 10-ന് പുലർച്ചെ രണ്ട് മണിക്കാണ് ഒരാൾ തോക്കുമായി കാട്ടിലൂടെ നടക്കുന്ന ചിത്രം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

പ്രതി എരുമാട് സ്റ്റേഷനിലെ പൊലീസുകരനാണെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസിനെ വിവരമറിയിച്ചു. സംഭവം സ്ഥിരീകരിച്ചതോടെ ഇയാളെ നീലഗിരി ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തു.
മൃഗങ്ങളുടെ സഞ്ചാരപഥം മനസിലാക്കാൻ വനത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് നടന്ന കടുവകളുടെ കണക്കെടുപ്പിനായി കൂടുതൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിലാണ് പൊലീസുകാരന്റെ ചിത്രം പതിഞ്ഞത്. മുണ്ടക്കൊല്ലി വനപ്രദേശത്ത് ഇയാളെ പുലർച്ചെ നാട്ടുകാർ സംശയകരമായ സാഹചര്യത്തിൽ കണ്ടിരുന്നു.
എരുമാട് സ്റ്റേഷനിൽ നിന്ന് ഏറെ ദൂരെയുള്ള മുണ്ടക്കൊല്ലി വനത്തിൽ രാത്രി എത്തണമെങ്കിൽ മറ്റ് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടാവുമെന്നാണ് വനം വകുപ്പിന്റെ നിഗമനം.

ഫോട്ടോ--വേട്ട
ഷിജു തോക്കുമായി പൂമറ്റം വനമേഖലയിൽ നടന്നു നീങ്ങുന്നു. വനം വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ചിത്രം