കുന്ദമംഗലം: ലക്ഷങ്ങൾ ചെലവഴിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ച സൗരോർജ്ജപാനൽ നോക്കുകുത്തിയായിട്ട് അഞ്ച് വർഷം. സമ്പൂർണ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി 2014 ലാണ് പഞ്ചായത്ത് കെട്ടിടത്തിന്റെ ടെറസ്സിൽ സൗരോർജ്ജപാനൽ സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ 10 കിലോവാട്ട് ശേഷിയുള്ള പാനലിൽനിന്ന് ദിവസം 40 യൂണിറ്റ് വൈദ്യുതിയും ലഭിച്ചിരുന്നു. പഞ്ചായത്ത് ഓഫീസ് പൂർണ്ണമായും സോളാർ വൈദ്യുതിയിലായി പ്രവർത്തിക്കുന്നത്.വൈദ്യുതി ബില്ലിൽ നല്ലൊരുതുക കുറവുമുണ്ടായി.എന്നാൽ 2016 ഓടെ സോളാറിന്റെ പ്രവർത്തനം നിലച്ചു.അധികൃതർ തിരിഞ്ഞ് നോക്കാതെയായതോടെ ഇരുപത് കൊല്ലത്തെ ഗ്യാരണ്ടിയുള്ള സൗരോർജ്ജപാനൽ നിലനിൽക്കെ ഗ്രാമപഞ്ചായത്ത് നല്ലൊരു തുക വൈദ്യുതി ബില്ലായി അടയ്ക്കുകയാണ്. ഇതിനോടനുബന്ധിച്ച് സ്ഥാപിച്ച ഇൻവെർട്ടർ പ്രവർത്തനരഹിതമായതാണ് സോളാർ വൈദ്യുതി നിലയ്ക്കാൻ കാരണമായി പറയുന്നത്. പാനൽ കഴുകി വൃത്തിയാക്കാത്തതും ബാറ്ററിയിൽ യഥാസമയം വെള്ളമൊഴിക്കാത്തതുമാണ് സോളാർ പ്രവർത്തനരഹിതമാകുവാൻ കാരണമെന്ന് വിദഗ്ധർ പറയുന്നത്. നിലവിലുള്ള സൗരോർജ്ജപാനൽ അറ്റകുറ്റ പണികൾ നടത്തി പ്രവർത്തിപ്പിക്കാവുന്നതേയുള്ളു. അതല്ലെങ്കിൽ വെറുതെകിടക്കുന്ന പഞ്ചായത്ത് കെട്ടിടത്തിന്റെ വിശാലമായ ടെറസിൽ കെ.എസ്. ഇ.ബിയുടെ പുതിയ പുരപ്പുറ സൗരോർജ്ജപ ദ്ധതി നടപ്പിലാക്കുകയെങ്കിലും ചെയ്യാം.