1

പേരാമ്പ്ര: ഫയലുകൾ സൂക്ഷിക്കാൻ പോലും സ്ഥലമില്ലാതെ വീർപ്പുമുട്ടുന്ന പൊലീസുകാർ. പ്രതികളെ പിടികൂടുമ്പോൾ താത്ക്കാലികമായി പോലും നിറുത്താൻ ലോക്കപ്പ് മുറികളില്ല. ഇതാണ് ഏറെക്കാലമായി പന്തിരിക്കരയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്റെ അവസ്ഥ. നിന്നു തിരിയാൻ ഇടമില്ലാതെ, അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുകയാണ് സ്റ്റേഷൻ.

ഒരു നാടിന്റെ പ്രശ്നങ്ങൾക്ക് മുഴുവൻ പരിഹാരമുണ്ടാക്കുന്ന സ്റ്റേഷന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന് ഏറെനാളായുള്ള ആവശ്യമാണ്.

കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മൂന്നു മുറികളിലായിട്ടാണ് സി.ഐ ഉൾപ്പെടെ നാൽപ്പതോളം പൊലീസുദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി പെരുവണ്ണാമൂഴി ഡാം സൈറ്റിന് സമീപമായി കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള 50 സെന്റ് സ്ഥലം നിർമ്മാണത്തിനായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടും പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല.

പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപത്ത് ജലസേചന വകുപ്പിന്റെ സ്ഥലത്തായിരുന്നു മുൻപ് പോലീസ് സ്റ്റേഷന്റെ പ്രവർത്തനം. എന്നാൽ കെട്ടിടം മഴക്കാലത്ത് ചോർന്നൊലിച്ച് ഉപയോഗ ശൂന്യമായതോടെ 2015 ൽ പന്തിരിക്കരയിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇവിടെയും സൗകര്യങ്ങൾ പര്യാപ്തമല്ല. പരാതിയുമായി വരുന്നവർക്ക്
ഇരിക്കാൻ പോലും വേണ്ടത്ര സൗകര്യമില്ലെന്ന പരാതിയുണ്ട്. മുകൾ നിലയിലായതിനാൽ പ്രായമായവർക്ക് കോണിപ്പടികൾ കയറിയിറങ്ങാനും പ്രയാസം. രണ്ട് ജീപ്പ് ഉണ്ടെങ്കിലും ഇവ നിറുത്തിയിടാൻ സ്ഥലമില്ല. കേസിലകപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ റോഡരികിൽ നിർത്തിയിട്ട് പുല്ലും, കാടും നിറഞ്ഞ് തുരുമ്പെടുക്കുന്നു.
പ്രത്യേക ഡ്യൂട്ടിയുമായി വരുന്ന പൊലീസ് വാഹനങ്ങൾ പാർക്ക് ചെയ്യാനോ, വിശ്രമിക്കുവാനോ യാതൊരു സൗകര്യങ്ങളുമിവിടെയില്ല. സ്ഥലം വിട്ടു കിട്ടിയാൽ സ്റ്റേഷന്റെ നിർമ്മാണത്തിന് പെട്ടെന്ന് തന്നെ പണം ലഭിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. മലയോര പ്രദേശമായതിനാലും, മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന മേഖലയായതിനാലും സ്റ്റേഷന് വേണ്ടത്ര സൗകര്യം ലഭിക്കേണ്ടതുണ്ട്. സ്റ്റേഷനുമായി ബന്ധപ്പെട്ട ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

സ്ഥലം കൈമാറുന്നതോടെ കെട്ടിടം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ പൊലീസുകാരും നാട്ടുകാരും.

പൊലീസ് സ്റ്റേഷന് കണ്ടെത്തിയ കെട്ടിടം ഇറിഗേഷനിൽ നിന്നും റവന്യൂ വകുപ്പിന് കൈമാറാനുള്ള ശ്രമത്തിലാണ്- ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ ഓഫിസ്