വടകര: കൊവിഡിൽ കൊട്ടിയടക്കപ്പെട്ട വഴികൾ തുറന്നതോടെ അതിജീവനത്തിനായി ഫ്ലാസ്ക് റിപ്പയർമാരും സജീവമായി. മുമ്പ് ഫ്ലാസ്കുകൾ ആശുപത്രികളിൽ കഴിയുന്ന രോഗികളുടെ മാത്രം കൂട്ടായിരുന്നു. എന്നാൽ മാറിയ കാലത്ത് വീട്ടുപകരണങ്ങളുടെ കൂട്ടത്തിൽ ഫ്ലാസ്കും ഇടം നേടി. സ്ത്രീകൾ തൊഴിലുറപ്പിന് ഇറങ്ങിയതോടെ അടുക്കളയിൽ പ്രധാനിയായി. കുട്ടികൾക്ക് പാൽ , മുതിർന്നവർക്കായി കാപ്പിക്കും കട്ടൻ ചായക്കും വേണ്ടി ചൂട് വെള്ളം ഒരുക്കി വയ്ക്കൽ തുടങ്ങി ഫ്ലാസ്കിന്റെ ആവശ്യം പലതായി. എന്നാൽ ഉപയോഗം കൂടിയതോടെ തകരാറും ഏറി. ഇവയുടെ റിപ്പയറിനായി നാട്ടിൻപുറങ്ങളിൽ ആളില്ലാത്തതിനാൽ ഇരുചക്രവാഹനങ്ങളിലെത്തുന്ന റിപ്പയർമാരാണ് ഏക ആശ്രയം. 15 വർഷമായി ഫ്ലാസ്ക് റിപ്പയർ കൊണ്ടു മാത്രം ഉപജീവനം നടത്തുന്ന തിരുന്നാവായ സ്വദേശിയാണ് ഫൈസൽ. വിവിധങ്ങളായ ഫ്ലാസ്കുകൾ പ്രദർശിപ്പിച്ചാണ് ഫൈസലിന്റെ ഗ്രാമങ്ങളിലൂടെയുളള യാത്ര. എത് തകരാറിനും ചികിത്സ ഇയാളുടെ ഇരുചക്രവാഹനത്തിൽ ഉണ്ടെന്നതാണ് കൗതുകം.