മീനങ്ങാടി: പുഴംകുനി ചേവായിൽ രജിത്ത് കുമാറിന്റെ വീട്ടിൽ വിരുന്ന് വന്ന രണ്ടര വയസുകാരി ഒഴുക്കിൽപ്പെട്ടതായി സംശയം. കൽപ്പറ്റ മാനിവയൽ തട്ടാരത്തൊടി ഷിജുവിന്റെ മകൾ ശിവപാർവണയെയാണ് ഇന്നലെ കാലത്ത് പത്തേകാലോടുകൂടി കാണാതായത്. കൽപ്പറ്റ,ബത്തേരി ഫയർഫോഴ്സ് യൂണിറ്റുകളും ജീവൻ രക്ഷാ പ്രവർത്തകരും പൊലീസും നാട്ടുകാരും ഇന്നലെ വൈകുന്നേരം വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഷിജുവിന്റെ ഭാര്യാസഹോദരിയുടെ വീടാണ് പുഴംകുനിയിലേത്. ഇവിടെ വിരുന്ന് വന്നതായിരുന്നു. ഇന്നലെ കാലത്ത് കുട്ടിയെ ഇവരുടെ സഹോദരിമാർ സാരിയുടുപ്പിച്ച് അണിയിച്ചെരുക്കുകയായിരുന്നു. അതിനിടെ സഹോദരിമാർ അകത്തേക്ക് പോയി തിരിച്ചുവന്നപ്പോഴെക്കും കുട്ടിയെ കാണാനില്ലായിരുന്നു. ഉടൻ പുഴയരുകിലേക്കും റോഡിലേക്കും പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല.
കുട്ടിക്ക് പുഴയോട് വളരെ ഇഷ്ടമാണ്. സമീപത്ത് ആളില്ലാതിരുന്ന തക്കംനോക്കി പുഴയിലേക്ക് ഇറങ്ങിയതാണോ എന്നാണ് സംശയിക്കുന്നത്.

രജിത്തിന്റെ വീട്ടിൽ നിന്ന് 20 മീറ്റർ മാറിയാണ് മലക്കാട് ഭാഗത്തുകൂടെ ഒഴുകിവരുന്ന പുഴംകുനി പുഴ.കാരാപ്പുഴ ഡാം ഷട്ടറുകൾ തുറന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തീവ്രമാണ്. ഷട്ടർ അടച്ച് ഒഴുക്ക് നിയന്ത്രിച്ചാണ് തെരച്ചിൽ നടത്തിയത്.

ഫോട്ടോ--ശിവപാർവണ