dddd

കോഴിക്കോട് : കഴുത്തിൽ തോർത്ത് മുറുകി അവശനിലയിലായ പത്തുവയസുകാരൻ മരിച്ചു. വെള്ളിപറമ്പ് ആറാംമൈലിൽ പൂവംപറമ്പത്ത് ഫയാസിന്റെ മകൻ അഹലനെയാണ് വെള്ളിയാഴ്ച രാവിലെ കുളിമുറിയിൽ അവശനിലയിൽ കണ്ടത്. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടി ശനിയാഴ്ച പുലർച്ചയോടെ മരിച്ചു. വെള്ളിയാഴ്ച രാത്രി മജിസ്‌ട്രേട്ടെത്തി ചികിത്സയിലായിരുന്ന കുട്ടിയുടെ മൊഴിയെടുത്തിരുന്നു.
വെള്ളിയാഴ്ച രാവിലെ പൊറാട്ട വാങ്ങി നൽകി പള്ളിയിൽ പോകാൻ തയ്യാറായിരിക്കാൻ പറഞ്ഞശേഷം സർവീസിന് കൊടുത്ത വാഹനം കൊണ്ടുവരാൻ പിതാവ് പുറത്ത് പോയതായിരുന്നു. മാതാവ് എണ്ണ തേയ്പ്പിച്ചാണ് കുളിമുറിയിലേക്ക് വിട്ടത്. സാധാരണ കുറച്ചേറെ സമയം കുളിക്കാറുണ്ടെന്ന് രക്ഷിതാക്കൾ മൊഴി നൽകിയതായി മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.
അബദ്ധത്തിൽ പറ്റിയതല്ലെന്നും സോഷ്യൽ മീഡിയകളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടത്തിലും ആത്മഹത്യയെന്നാണ് സൂചന. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നുമില്ല. മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻസ്‌പെക്ടർ ബെന്നിലാലുവിന്റെ നേതൃത്വത്തിൽ എസ്.ഐ.അജിത്കുമാർ, സി.പി.ഒമാരായ രാകേഷ്, മോഹൻദാസ് എന്നിവരാണ് കേസന്വേഷിക്കുന്നത്. മാതാവ് : സൽമ. സഹോദരി: അലൈന.