കോഴിക്കോട്: നഗരത്തിൽ പലയിടത്തും നോ പാർക്കിംഗ് ഏരിയയാണ് , പറഞ്ഞിട്ടെന്ത് കാര്യം വാഹനങ്ങൾ ഇവിടെയേ നിർത്തൂവെന്നുവച്ചാൽ!. പ്രധാന നഗര റോഡുകളുടെ അരികിൽ തലങ്ങും വിലങ്ങുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. തിരക്കേറിയ റോഡുകൾ പോലും വാഹനങ്ങളുടെ വാസകേന്ദ്രമായിട്ടുണ്ട്. വെെക്കം മുഹമ്മദ് ബഷീർ റോഡ് , മാനാഞ്ചിറ, അരവിന്ദ് ഘോഷ് റോഡ്, പുതിയ ബസ്‌സ്റ്റാൻഡിന് സമീപം, രണ്ടാംഗേറ്റ്, കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക് സമീപം, മാവൂർ ശ്മശാനം റോഡ്, സൗത്ത് ബീച്ച് റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചാണ് പാർക്കിംഗ്. പൊളിക്കാനായി കൊണ്ടു വന്ന വാഹനങ്ങളും റോഡ് കൈയേറി നിർത്തിയിടാൻ തുടങ്ങിയതോടെ കാൽനടയാത്രക്കാരും പ്രയാസത്തിലാണ്. വീതി കുറഞ്ഞ റോഡിലൂടെ അപകട ഭീതിയോടെയാണ് ആളുകൾ നടന്നു പോകുന്നത്.
നഗരത്തിലെ വാഹനക്കുരുക്ക് ഒഴിവാക്കാൻ ഗതാഗത സൗകര്യം ഒരുക്കിയ സ്റ്റേഡിയം -പുതിയറ റോഡുകളും പാർക്കിംഗ് കേന്ദ്രമായിട്ടുണ്ട്. നോ പാർക്കിംഗ് ബോർഡ് നിരനിരയായി സ്ഥാപിച്ച മുതലക്കുളത്തിനും കോട്ടപ്പറമ്പ് ആശുപത്രിക്കുമിടയിൽ നിർത്തിയിട്ട വാഹനങ്ങൾ പതിവ് കാഴ്ചയാണ്.
നഗരത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിലെത്തുന്നവർ ആശ്രയിക്കുന്നത് വൈക്കം മുഹമ്മദ് ബഷീർ റോഡാണ്. തിരക്കുള്ള സമയങ്ങളിൽ വാഹന പാർക്കിംഗ് ടൗൺ ഹാൾ റോഡിലേക്കും കണ്ണൂർ റോഡിലേക്കും നീളും. മാനാഞ്ചിറയ്ക്ക് ചുറ്റിലുമുളള നവീകരിച്ച നടപ്പാതകളിലും വെെകുന്നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇതുമൂലം തൊട്ടുരുമ്മിയാണ് ബസ് ഉൾപ്പെടെ കടന്നുപോകുന്നത്. വഴി നീളെ അനധികൃത പാർക്കിംഗ് കണ്ടിട്ടും പൊലീസ് കണ്ണടയ്ക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
എവിടെ പാർക്ക് ചെയ്യും വാഹനം
ജനങ്ങൾക്ക് സുരക്ഷിതമായി വാഹനം പാർക്ക് ചെയ്യാൻ നഗരത്തിൽ സ്ഥലമില്ലെന്നതാണ് വാസ്തവം. ഓരോ മിനിറ്റിലും നൂറുകണക്കിന് വാഹനങ്ങളെത്തുന്ന നഗരത്തിൽ പാർക്കിംഗ് സൗകര്യമുള്ള വ്യാപാര സ്ഥാപനങ്ങളും കുറവാണ്. പൊതുഇടമായി പാളയം, അരയിടത്ത് മേൽപ്പാലത്തിന് താഴെ, മാവൂർ റോഡ്, കുരിശുപള്ളിക്ക് സമീപം, ഗൾഫ് ബസാറിന് സമീപം എന്നിവയാണ് ഉളളത്. കോർപ്പറേഷൻ പാർക്കിംഗിനായി വൻകിട പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും എല്ലാം ചുവപ്പ് നാടയ്ക്കുളളിൽ ഉറങ്ങുകയാണ്.