കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ 28 വിദ്യാർത്ഥികൾക്ക് അനുമോദനം. ഇരിങ്ങൽ സർഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ഒരുക്കിയ ചടങ്ങിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പുരസ്‌കാരം സമ്മാനിച്ചു.
തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കാനുള്ള സാഹചര്യം സൊസൈറ്റി ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനുള്ള ആലോചനയിലാണെന്നും ചെയർമാൻ കൂട്ടച്ചേർത്തു.
ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ മൂന്നു റാങ്കുകൾ നിർണയിച്ചാണ് മെഡലും സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചത്. മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ 20 പേർ ഒന്നാം റാങ്കുകാരായി. ആറു പേർ രണ്ടാം റാങ്കിനും രണ്ടു പേർ മൂന്നാം റാങ്കിനും അർഹത നേടി. 2. 66 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ഒന്നാം റാങ്കുകാർക്ക് 10,000 രൂപയും രണ്ടും മൂന്നും റാങ്കുകാർക്ക് യഥാക്രമം 8,000 രൂപ, 6,000 രൂപ എന്നിങ്ങനെയുമായിരുന്നു സൊസൈറ്റിയുടെ ഉപഹാരം. സൊസൈറ്റി അംഗങ്ങളുടെ കൾച്ചറൽ സെന്ററിന്റെ മെമെന്റോയ്ക്ക് 1200ൽ 1199 മാർക്ക് നേടിയ ആർ.മീനാക്ഷി അർഹയായി.
സമ്മാനദാനച്ചടങ്ങിൽ സൊസൈറ്റി വൈസ് ചെയർമാൻ വി.കെ.അനന്തൻ അദ്ധ്യക്ഷനായിരുന്നു. ഡയറക്ടർമാരായ പി.കെ. സുരേഷ്‌കുമാർ, കെ.ടി. രാജൻ, മാനേജിംഗ് ഡയറക്ടർ എസ്.ഷാജു, സി.ഇ.ഒ സുനിൽ കുമാർ രവി, സി.ജി.എം റോഹൻ പ്രഭാകർ, സർഗാലയ സി.ഇ.ഒ പി.പി.ഭാസ്‌കരൻ, യു.എൽ.സി.സി.എസ് കോർപ്പറേറ്റ് എച്ച്.എസ്.ഇ മാനേജർ ഈശ്വരമൂർത്തി, പി.എം.സി ഹെഡ് ശ്യാംകുമാർ ശ്യാമപ്രസാദ്, ചീഫ് എൻജിനിയർ ഡോ.ചന്ദ്രൻ, സ്ട്രക്ചറൽ ഡിസൈൻ ഹെഡ് ഷിന്റോ പോൾ, ജനറൽ മാനേജർ കെ.പി. ഷാബു എന്നിവർ സംസാരിച്ചു.