ഫറോക്ക്:ചാലിയാറിന്റെ തീരത്തെ ചെറുവണ്ണൂർ ഭാഗത്ത് പഴയപാലത്തിനു സമീപമുള്ള കുട്ടികളുടെ കൊച്ചുപാർക്ക് പുത്തനാകി കുട്ടികളെ കാത്തിരിക്കുന്നു.കുട്ടികളും മുതിർന്നവരും അടക്കം ആരെയും ആകർഷിക്കുന്ന തരത്തിലാണ് പാർക്ക് പുത്തനാക്കിയത്.2008ലാണ് ചെറുവണ്ണൂർ - നല്ലളം പഞ്ചായത്ത് കുട്ടികൾക്കു വേണ്ടി പാർക്ക് നിർമ്മിച്ചത്. ആദ്യകാലത്ത് ആകർഷകമായിരുന്ന പാർക്ക് പിന്നീട് പരിചരണവും പരിഷ്ക്കരണവുമില്ലാതെ അവഗണനയുടെ പടുകുഴിലായിരുന്നു.പിന്നീട് ചെറുവണ്ണൂർ പ്രദേശം കോഴിക്കോട് കോർപ്പറേഷനിലാവുകയും ജനങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് പാർക്ക് നവീകരിക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിച്ചെങ്കിലും പ്രവർത്തനം ഇഴഞ്ഞു നീങ്ങുകയായിരുന്നു വിനോദത്തിനുള്ള ഉപകരണങ്ങളെത്തിയപ്പോഴേക്കും നാട് കൊവിഡിന്റെ പിടിയിലായി.പാർക്ക് വീണ്ടും കാടുമൂടിയ നിലയിലായി. കാത്തിരിപ്പിനു ശേഷം പാർക്ക് മോടിപിടിപ്പിക്കുകയും ശുചീകരണം നടത്തുകയും ചെയ്തിരിക്കുന്നു. കളിയൂഞ്ഞാലും വിനോദത്തിനുള്ള ഉപകരണങ്ങളുമെല്ലാം കുട്ടിപ്പാർക്കിൽ ഇപ്പോൾ തയ്യാറാണ് .ചാലിയാർ തീരത്തെ കുട്ടിപ്പാർക്കിന്റെ കവാടമിപ്പോൾ കുട്ടികൾക്കു വേണ്ടി തുറന്നിട്ടിരിക്കുകയാണ് .