drass

കോഴിക്കോട്: ശ്രീനഗറിലെ ദ്രാസിൽ ഹിമപാതത്തെ തുടർന്ന് വഴിയിൽ കുടുങ്ങിയവരിൽ മലയാളി മാദ്ധ്യമപ്രർത്തകനും.

സുപ്രഭാതം ചീഫ് സബ് എഡിറ്റർ മനു റഹ്‌മാൻ ഉൾപ്പെടെയുള്ള സംഘം വെള്ളിയാഴ്ച രാത്രി ദ്രാസിൽ എത്തിയതായിരുന്നു. ശനിയാഴ്ച രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായതോടെ യാത്രികരെല്ലാം ലേ ഹൈവേയിൽ വാഹനങ്ങളിൽ കുടുങ്ങിപ്പോവുകയായിരുന്നു. സൈനികരെത്തി മനുവിനെയും ഒപ്പമുള്ളവരെയും 240 കിലോമീറ്റർ അകലെ കാർഗിലിലേക്ക് എത്തിച്ചു. മലയാളികളെല്ലാം സുരക്ഷിതരാണെന്നാണ് അധികൃതർ അറിയിച്ചു.
ലേ പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് പോസ്റ്റ് ഓഫീസ് കെട്ടിടത്തിലെ മുറിയിലേക്കാണ് ഇവരെ ആദ്യം മാറ്റിയത്. കനത്ത തണുപ്പും വൈദ്യുതിയില്ലാത്തതും പ്രശ്നമായി. തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ഇവരെ കാർഗിലിലേക്ക് മാറ്റിയത്.

ദ്രാസിൽ കുടുങ്ങിയ വിവരമറിഞ്ഞ ഉടൻ തന്നെ കാലിക്കറ്റ് പ്രസ് ക്ലബ് ഭാരവാഹികൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവൻ എം.പി, ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി എന്നിവരെ ബന്ധപ്പെട്ടിരുന്നു. സംഘത്തെ കൂടുതൽ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. സംഘത്തിലുള്ളവരുമായി സംസാരിച്ചെന്നും തത്കാലം പേടിക്കേണ്ട സാഹചര്യമില്ലെന്നും ലേ ജില്ലാ കളക്ടർ കോഴിക്കോട് കളക്ടറെ അറിയിച്ചു.