കോഴിക്കോട്: കൊവിഡ് വ്യാപനം കുറഞ്ഞതോടെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനം സാധാരണ നിലയിലേക്ക്. കൊവിഡ് ബാധിതരെ പി.എം.എസ്.എസ്.വെെ ബ്ലോക്കിലേക്ക് മാറ്റി. കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന 5, 6, 8 മെഡിസിൻ വാർഡുകൾ ശുചീകരിച്ച് കൊവിഡ് ഇതര രോഗികൾക്കായി തുറന്നു കൊടുത്തു. 7ാം വാർഡ് മാത്രമാണ് ഇനി തുറക്കാനുള്ളത്. ശുചീകരണം പൂർത്തിയാകുന്നതോടെ രണ്ട് ദിവസത്തിനകം വാർഡ് രോഗികൾക്ക് തുറന്നു കൊടുക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ രോഗികളെത്തുന്ന അസ്ഥിരോഗ വിഭാഗം ഒ.പി കാൻസർ വാർഡിനും പേ വാർഡിനും ഇടയിലെ പാലിയേറ്റീവ് ഒ.പി കെട്ടിടത്തിലേക്ക് മാറ്റി.
കൊവിഡിതര ചികിത്സ സാധാരണ നിലയിലായതോടെ ആയിരക്കണക്കിന് രോഗികളാണ് ദിവസവും ഒ.പിയിലെത്തുന്നത്. മെഡിസിൻ ഒ.പിയിൽ രോഗികളുടെ വലിയ തിരക്കാണ്. കൊവിഡിനെ തുടർന്ന് നിർത്തി വച്ച കാൻസർ ചികിത്സയും പുനരാരംഭിച്ചു. അതേസമയം ഡോക്ടർമാർക്ക് കൊവിഡ് ഡ്യൂട്ടി കൂടി ചെയ്യേണ്ടതിനാൽ ഒ.പിയിൽ നേരിയ തടസം നേരിടുന്നുണ്ട്.
കൊവിഡ് രോഗികൾ കുറഞ്ഞതോടെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലായി. പേ വാർഡുകൾ മാത്രമാണ് ഇനി തുറക്കാനുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന കൊവിഡ് ബാധിതരേയും പി.എം.എസ്.എസ്.വെെ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ് ഭീതി അകന്നെങ്കിലും പ്രതിരോധ നിയന്ത്രണം കർശനമാണ്.
''മെഡിക്കൽ കോളേജ് പൂർണമായും കൊവിഡിതര ചികിത്സയ്ക്കായി മാറ്റിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന പി.എം.എസ്.എസ്.വെെ ബ്ലോക്ക് കൂടി ലഭിച്ചാൽ പൂർണമായും സജ്ജമാകും''- വി.ആർ രാജേന്ദ്രൻ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ