organs

കോഴിക്കോട്: തിരുവനന്തപുരം - കോഴിക്കോട് അവയവ യാത്ര വീണ്ടും. അങ്കമാലിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ആൽബിൻ പോളിന്റെ വൃക്കയാണ് കോഴിക്കോട് ആസ്റ്റർ മിംസിലെത്തിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണമുണ്ടായ മുഗുഡേശ്വരിന്റെ കരൾ കോഴിക്കോട് ആസ്റ്റർ മിംസിൽ എയർ ആംബുലൻസിൽ എത്തിച്ചിരുന്നു. ആൽബിൻ പോളിന്റെ ഇരുവൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്ക് നൽകാനായിരുന്നു ആദ്യ ധാരണ. അതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഒരു വൃക്ക മാത്രമാണ് സ്വീകരിച്ചത്.

തുടർന്നാണ് രണ്ടാമത്തെ വൃക്ക ആസ്റ്റർ മിംസ് ഏറ്റെടുത്തത്. രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ആംബുലൻസ് പുലർച്ചെ മൂന്നരയോടെ കോഴിക്കോടെത്തുമ്പോഴേക്കും കോഴിക്കോട് സ്വദേശിയായ ഫൈസലിന് വൃക്ക അനുയോജ്യമാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക്കുളള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് മൂന്നര മണിക്കൂർ സമയം കൊണ്ടാണ് ആംബുലൻസ് കോഴിക്കോടെത്തിയത്. ഏഴ് മണിയോടെ ആരംഭിച്ച വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ഡോ. രവികുമാറിന്റെ നേതൃത്വത്തിലുള്ള നെഫ്രോളജി സംഘവും ഡോ.സജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള റിനൽ ട്രാൻസ് പ്ലാന്റ് സംഘവു നേതൃത്വം നൽകി.